പൊന്നാനി: പൊന്നാനിയിൽ ഇത്തവണ പൊലിമയില്ലാത്ത വലിയ പെരുന്നാൾ. കൊവിഡ് വ്യാപനത്തെ തുടർന്ന് കണ്ടൈയ്ൻമെന്റ് സോണായി മാറിയത് പൊന്നാനിയുടെ പെരുന്നാൾ ആഘോഷങ്ങളെ നിയന്ത്രണങ്ങളുടെ കൂട്ടിലടച്ചു. പെരുന്നാൾ ദിനം പുലരുവോളം സജീവമാകാറുള്ള പെരുന്നാൾ വിപണി ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ അടച്ചുപൂട്ടി. അവശ്യസാധനങ്ങളുടെ കടകൾ തുറക്കാൻ അഞ്ചുമണി വരെയാണ് അനുമതി ഉണ്ടായിരുന്നത്. പള്ളികളിലെ പെരുന്നാൾ നമസ്കാരവും ബലികർമ്മവും ഇല്ലാത്ത പെരുന്നാളാണ് ഇത്തവണത്തേത്. ജെ.എം റോഡിലെ പെരുന്നാൾ രാവെന്ന പൊന്നാനിക്കാരുടെ സ്വന്തം പെരുന്നാൾ വിശേഷവും ഇത്തവണ ഉണ്ടായില്ല. ജെ.എം റോഡ് സ്ഥിതി ചെയ്യുന്ന പൊന്നാനി നഗരസഭയിലെ 35ാം വാർഡിൽ ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാലാണിത്.
പെരുന്നാൾ രാവിൽ പൊന്നാനിക്കാരുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക കുട്ടികളുമൊത്ത് ജെ.എം.റോഡിലേക്കെത്തുകയെന്നതാണ്. കൊവിഡ് കാലത്തെത്തിയ നോമ്പ് പെരുന്നാൾ രാവിൽ ജെ.എം റോഡ് നിയന്ത്രണങ്ങളെ വകവയ്ക്കാതെ സജീവമായിരുന്നു. സൂചികുത്താൻ ഇടമില്ലാത്ത വിധം ആളുകളെക്കൊണ്ട് തിങ്ങി നിറയുന്ന ഈ ഇടുങ്ങിയ പാത ഇത്തവണത്തെ പെരുന്നാൾ രാവിൽ വിജനമാണ്. പെരുന്നാളിനേക്കാൾ പെരുന്നാൾ രാവിനെ പൊന്നാനിക്കാർക്ക് ആനന്ദകരമാക്കിയിരുന്നത് ജെ.എം റോഡിലെ ഉത്സവാന്തരീക്ഷമായിരുന്നു. ആളും ആരവവും ഒഴിഞ്ഞ ജെ.എം റോഡ് പൊന്നാനിക്കാരുടെ പെരുന്നാളിന്റെ പൊലിമ കുറക്കും.
പൊന്നാനി കിണർ സ്റ്റോപ്പ് മുതൽ വലിയ ജമാഅത്ത് പള്ളി വരെ നീളുന്ന മുന്നൂറ് മീറ്റർ ഭാഗത്തെ ഇടുങ്ങിയ പാതയാണ് ജെ.ബി റോഡ്.