milk
.

ഒരു മാസത്തിനിടെ പരിശോധിച്ചത് 156 സാമ്പിൾ

പാലക്കാട്: ചെക്ക് പോസ്റ്റുകളിലേതിന് പുറമെ ക്ഷീരവകുപ്പ് വിപണി കേന്ദ്രീകരിച്ച് നടത്തുന്ന പാൽ പരിശോധന ശക്തം. കൊവിഡ് വ്യാപന സാഹചര്യത്തിൽ ജൂൺ ഒന്നുമുതൽ ഫീൽഡ് തലത്തിൽ ആരംഭിച്ച മൊബൈൽ ലാബ് ഒരു മാസം പിന്നിടുമ്പോൾ 156 സാമ്പിൾ പരിശോധിച്ചു.

പാലക്കാട്, ചെർപ്പുളശേരി, പത്തിരിപ്പാല, മേട്ടുപ്പാളയം, വണ്ടിത്താവളം, ഒലവക്കോട് എന്നിവടങ്ങളിൽ നിന്നാണ് ഇത്രയും സാമ്പിൾ ശേഖരിച്ചത്. ഇവയിലൊന്നും ഗുണമേന്മയിൽ കാര്യമായ കുഴപ്പം കണ്ടെത്തിയില്ല. നിലവിൽ സ്ഥിരം പാൽ പരിശോധന കേന്ദ്രം മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ മാത്രമാണുള്ളത്. മറ്റ് ചെക്ക് പോസ്റ്റുകളിലൂടെ ഗുണനിലവാരമില്ലാത്ത പാലെത്തുന്നത് മൊബൈൽ ലാബ് പരിശോധനയിലൂടെ തടയാമെന്നാണ് പ്രതീക്ഷ. ബേക്കറി, ചായക്കട, ഹോട്ടൽ എന്നിവിടങ്ങളിൽ നേരിട്ടെത്തി പരിശോധിക്കുന്നതിനാൽ കടയുടമകൾക്ക് അപ്പോൾ തന്നെ പാലിന്റെ ഗുണമേന്മ അറിയാം. പരിശോധനയ്ക്കായി സിവിൽ സ്റ്റേഷനിലെ ജില്ലാ ക്വാളിറ്റി കൺട്രോൾ ലാബും സജ്ജമാണ്.

പരിശോധിച്ചവ
മിൽമ, ശക്തി, സുഗുണ, കൗമ, എളനാട്, അമൃത്, ശ്രീഗോമാത, പശുദ, തനിമ, നന്ദിനി, കൃഷ്ണ, അസൽ, കേവിൻസ്, ഹെറിറ്റേജ്, ഏറാസ്, ഇഷ്ട.


ക്ഷീരസംഘങ്ങളിലും പരിശോധന
മൊബൈൽ ലാബിന് പുറമെ ആറ് ക്ഷീരസംഘങ്ങളിലെ പരിശോധന ഉപകരണങ്ങളുടെ കൃത്യത ഉറപ്പാക്കി. 750 ക്ഷീര കർഷകരിൽ നിന്നുള്ള പാൽ പരിശോധിച്ചു. ലാബിലേക്ക് പൊതുജനം കൊണ്ടുവന്ന സാമ്പിളും പരിശോധിക്കുന്നുണ്ട്. കൊവിഡിന് മുമ്പ് പ്രതിമാസം രണ്ടോ, മൂന്നോ സാമ്പിളാണ് വരാറുള്ളത്. കഴിഞ്ഞ മാസം 12 സാമ്പിൾ പരിശോധിച്ചു. ഇതിൽ കൊഴുപ്പിന്രെ കുറവാണ് കൂടുതലായും കണ്ടത്. അരമണിക്കൂറിനുള്ളിൽ ഫലമറിയാം.

-ബ്രിൻസി മാണി, ക്വാളിറ്റി കൺട്രോൾ ഓഫീസർ, ജില്ലാ ക്ഷീരവികസന വകുപ്പ്.