lorry
.

പാലക്കാട്: ഇന്ധന വില കുത്തനെ കൂടിയതോടെ ചരക്ക് ഗതാഗതത്തിന്റെ വാടക ഉയർത്താനൊരുങ്ങി ലോറി ഉടമകൾ. ഇത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകും. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഡീസലിന് 11 രൂപ വർദ്ധിച്ചു. സമീപ കാലത്തെ ഏറ്റവും ഉയർന്ന വർദ്ധന. ഈ സാഹചര്യത്തിൽ വാടക വർദ്ധിപ്പിക്കാതെ കഴിയില്ലെന്നാണ് ലോറി ഓണേഴ്സ് അസോസിയേഷൻ നിലപാട്.

സംസ്ഥാനത്ത് വലുതും ചെറുതുമായി 3.5 ലക്ഷം ചരക്കുവാഹനങ്ങളാണുള്ളത്. രാജ്യം ലോക്ക് ഡൗണായതോടെ 80% സർവീസ് നടത്താതെ നിറുത്തിയിട്ടു. കൊവിഡിന്റെ പശ്ചാത്തലത്തിൽ വ്യാപാര മേഖല നിശ്ചലമായത് ചരക്ക് നീക്കത്തെയും വിതരണത്തേയും സാരമായി ബാധിച്ചു. ഇതോടെ ലോറി ഉടമകളും ജീവനക്കാരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി.

ജി.പി.എസ്, മോട്ടോർ വാഹന ഭേദഗതി നിയമം നടപ്പിലാക്കൽ, നോട്ട് നിരോധനം എന്നിവയുണ്ടാക്കിയ പ്രതിസന്ധികളെ അതിജീവിച്ച് വരുന്നതിനിടെയാണ് ഇരുട്ടടിയായി ഇന്ധന വില വർദ്ധന.

പ്രതിസന്ധി ഇങ്ങനെ

ലോറി നിരത്തിലിറക്കാൻ മൂന്നുമാസ നികുതി മുൻകൂറടയ്ക്കണം.

ഇത്തരത്തിൽ ഒരു വർഷം നാല് തവണയായി നികുതിയടയ്ക്കണം.

ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് ജി.പി.എസ് നിർബന്ധം. 9000 രൂപ ചെലവ്.

ജീവനക്കാർക്ക് മുഴുവനുള്ള ഇൻഷ്വറൻസ് പ്രീമിയവും ഉടമ അടയ്ക്കണം.

ഇത്തരത്തിൽ എല്ലാ ചെലവും കഴിയുമ്പോൾ ലോറി ഓടിക്കുന്നത് വലിയ നഷ്ടമാണ്.

ലോക്ക് ഡൗണിൽ നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ടെങ്കിലും ഒന്നര മാസത്തെ ഇളവാണ് നൽകിയത്.

സ്വകാര്യ ബസുടമകൾക്ക് ഈ കാലയളവിലെ നികുതി പൂർണമായും ഒഴിവാക്കി നൽകിയിരുന്നു.

ജീവിതം ലോക്കായി

നിർമ്മാണ മേഖലയിൽ ഉൾപ്പെടെ ജില്ലയിൽ 13000 ലോറികളുണ്ട്.

ലോക്ക് ഡൗണിനെ തുടർന്ന് ഇതിൽ 90% നിരത്തിലിറങ്ങിയിട്ട് മാസങ്ങളായി.

മറ്റ് സംസ്ഥാനങ്ങളിലേക്ക് ചരക്കുമായി പോകുന്ന ലോറി ഉടമയ്ക്ക് മിച്ചം ലഭിക്കുക 3000 രൂപയിൽ താഴെ.

ഇതിൽ നിന്ന് മെയിന്റനൻസ്, നികുതി, ഇൻഷുറൻസ് ചിലവുകൾ കഴിച്ചാൽ ബാക്കിയുള്ളത് നാമമാത്രമായ തുക.

പിടിച്ചു നിൽക്കാനാവില്ല

ഒരു ലിറ്റർ ഡീസൽ അടിച്ചാൽ നാല് കി.മീ ആണ് ലോറികളുടെ ശരാശരി മൈലേജ്. റോഡിന്രെ അവസ്ഥയും ട്രാഫിക്കുമെല്ലാം കണക്കാക്കിയാൽ ഇതിലും കുറയും. ബസ്, ഓട്ടോ- ടാക്സി എന്നിവ പോലെ ഫെയർ സ്റ്റേജ് ചരക്ക് വാഹനങ്ങൾക്ക് നിശ്ചയിച്ചിട്ടില്ലെന്നതിനാൽ അന്നന്നത്തെ മാർക്കറ്റ് നിലയെ അടിസ്ഥാനമാക്കിയാണ് വാടക. അതിനാൽ ഡീസൽ വില വർദ്ധിക്കുമ്പോൾ ആനുപാതികമായി വാടകയും ഉയർത്തേണ്ട അവസ്ഥയിലാണ്.

-എം.നന്ദകുമാർ, ജില്ലാ സെക്രട്ടറി, ലോറി ഓണേഴ്സ് അസോ.