canal
.

ചിറ്റൂർ: മഴനിഴൽ പ്രദേശമായ കിഴക്കൻ മേഖലയിലെ വലതുകര കനാൽ കോരയാർ മുതൽ വരട്ടയാർ വരെ ദീർഘിപ്പിക്കുന്നതിന് 262 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി അംഗീകാരം. ഇതോടെ ഇവിടത്തുകാരുടെ കുടിവെള്ളത്തിനും ജലസേചന സൗകര്യത്തിനും വേണ്ടിയുള്ള നീണ്ടകാലത്തെ കാത്തിരിപ്പിന് വിരാമമായി.

എരുത്തേമ്പതി പഞ്ചായത്തിലെ ആർ.വി.പുതൂർ വരെ വലതുകര കനാൽ പ്രവൃത്തി പൂർത്തീകരിച്ച ശേഷം പാതിവഴിയിൽ നിലച്ച പദ്ധതിക്കാണ് അംഗീകാരം. കനാൽ ദീർഘിപ്പിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കാൻ ആദ്യഘട്ടമായി 12.60 കോടി അനുവദിച്ചിരുന്നു. രണ്ടാംഘട്ട സ്ഥലമെടുപ്പിന് 12 കോടി അനുവദിക്കുകയും പ്രവൃത്തി പുരോഗമിക്കുകയുമാണ്. ടെണ്ടർ പൂർത്തീകരിച്ച് ആഗസ്റ്റിൽ നിർമ്മാണമാരംഭിക്കും.

കേരള ഇറിഗേഷൻ ഇൻഫ്രാസ് ട്രെക്ചർ ഡവലപ്പ്‌മെന്റ് കോർപ്പറേഷനാണ് നിർമ്മാണ ചുമതല. സ്ഥലം എം.എൽ.എ.യായ വകുപ്പുമന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നിരന്തരമായ ഇടപെടലാണ് പാതിയിൽ നിലച്ച പദ്ധതിക്കും മണ്ഡലത്തിലെ നിരവധി കുടിവെള്ള പദ്ധതികൾക്കും കിഫ്ബിയുടെ അംഗീകാരം വേഗത്തിൽ ലഭ്യമാകാൻ കാരണമായത്.

കൃഷിക്കും കുടിവെള്ളത്തിനും കൂടുതൽ പദ്ധതികൾ

പെരുമാട്ടി,​ പട്ടഞ്ചേരി, നല്ലേപ്പിള്ളി, എലപ്പുള്ളി പഞ്ചായത്തുകളിലെ സമഗ്ര കുടിവെള്ള പദ്ധതി രണ്ടാംഘട്ടത്തിന് 25 കോടിയും മൂന്നാംഘട്ടത്തിന് 98.50 കോടിയും.

കൊഴിഞ്ഞാമ്പാറ, വടകരപ്പതി, എരുത്തേമ്പതി പഞ്ചായത്തുകളിലേക്കുള്ള സമഗ്ര ശുദ്ധജല പദ്ധതിക്ക് 29 കോടി.

പൊൽപ്പുള്ളി പെരുവെമ്പ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചിറ്റൂർ പുഴയ്ക്ക് കുറുകെ വടകരപ്പള്ളി പാലത്തുള്ളി പാലവും റെഗുലേറ്റർ നിർമ്മാണത്തിനുമായി 39.70 കോടി.

പദ്ധതികളുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ കിഴക്കൻ മേഖലയിലെ ജലക്ഷാമത്തിന് ശാശ്വതമായ പരിഹാരമാകും.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പച്ചക്കറി കൃഷി നടക്കുന്ന എരുത്തേമ്പതി, വടകരപ്പതി പഞ്ചായത്തിലെ കർഷകർക്ക് വരൾച്ച ഭീതിയിൽ നിന്ന് മോചനം.