factory
.

കഞ്ചിക്കോട് മേഖലയിൽ 2000 കോടിയുടെ നഷ്ടം

പാലക്കാട്: കൊവിഡിനെ തുടർന്നുള്ള ലോക്ക് ഡൗൺ മൂലം കഞ്ചിക്കോട് വ്യവസായ മേഖലയിൽ ഉണ്ടായത് വൻ സാമ്പത്തിക നഷ്ടം. ഏകദേശം 2000 കോടിയുടെ നഷ്ടമുണ്ടായതായി കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം ഭാരവാഹികൾ പറയുന്നു. ചൈനയിൽ നിന്ന് അസംസ്‌കൃത വസ്തുക്കളുടെയും മറ്റും വരവ് നിലച്ചതോടെ മാർച്ച് ആദ്യം മുതലേ മാന്ദ്യം അനുഭവപ്പെട്ടു. തുടന്ന് ലോക്ക് ഡൗൺ കൂടി ആരംഭിച്ചതോടെ വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനം പൂർണമായി തടസപ്പെട്ടു.

നിലവിൽ ഭക്ഷ്യോല്പന്ന കമ്പനികൾ ഒഴികെ ബാക്കി എല്ലാ സ്ഥാപനങ്ങളുടെയും പ്രവർത്തനം നിലച്ചു. ചെറുതും വലുതുമായി 725 ഓളം വ്യവസായ സ്ഥാപനങ്ങളാണ് കഞ്ചിക്കോട് വ്യവസായ മേഖലയിലുള്ളത്. മുപ്പതിനായിരത്തോളം തൊഴിലാളികളാണ് വ്യവസായ മേഖലയിൽ ആകെയുള്ളത്. ഇതിൽ പകുതിയോളം പേരും കേരളത്തിനു പുറത്തുനിന്നുള്ളവരാണ്. അസംസ്കൃത വസ്തുക്കൾ കൂടുതലും വരുന്നത് ചൈനയിൽ നിന്നാണ്. നിലവിലെ അതിർത്തിയിലെ പ്രശ്നങ്ങളും ഉപരോധങ്ങളും സങ്കീർണമായാൽ അസംസ്കൃത വസ്തുക്കൾ ലഭിക്കാതെ വ്യവസായ മേഖല കൂടുതൽ പ്രതിസന്ധിയിലേക്ക് പോകും.

ഫേസ് ഷീൽഡും മാസ്കും പിന്നെ വെന്റിലേറ്ററും...

ചൈനീസ് കൊവിഡ് പ്രതിരോധ ഉപകരണങ്ങളുടെ വരവ് നിലച്ചത് മറികടക്കാൻ മാസ്ക്, ഫേസ് ഷീൽഡ്, വെന്റിലേറ്റർ, സാമ്പിൾ കളക്ഷൻ ബൂക്ക് വിസ്ക് തുടങ്ങിയ ഉപകരണങ്ങളുടെ നിർമ്മാണം തകൃതിയാണ്.

വൈറസ് ബാധ വ്യാപകമായാൽ ക്ഷാമമുണ്ടായേക്കാവുന്ന ജീവൻരക്ഷാ- സുരക്ഷാ ഉപകരണങ്ങൾ സർക്കാർ നിർദ്ദേശമനുസരിച്ചാണ് നിർമ്മിക്കുന്നത്.

നിലവിൽ വെന്റിലേറ്ററിന്റെ നിർമ്മാണം പുരോഗമിക്കുന്നു. എൻ 95 മാസ്‌കുകളും ഫേസ് ഷീൽഡുകളും നിർമ്മിച്ചു.

ഇതുവരെ 14,000 ഫേസ് ഷീൽഡുകൾ കേരളത്തിലുടനീളം വിതരണം ചെയ്തു. 3000 ഷീൽഡുകളുടെ നിർമ്മാണം പുരോഗമിക്കുന്നു.

ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ വാളയാറിൽ സ്ഥാപിക്കുന്നതിന് സാമ്പിൾ കളക്ഷൻ ബൂത്ത് വിസ്‌ക് നിർമ്മിച്ചു.

താലൂക്ക് ആശുപത്രികളിൽ സ്ഥാപിക്കുന്നതിന് വിസ്‌കിന്റെ വില കുറഞ്ഞ മോഡൽ നിർമ്മാണവും പുരോഗമിക്കുന്നു.

പ്രതിസന്ധി പരിഹരിക്കണം

അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയത് പ്രതിസന്ധിക്കിടയാക്കി. നിലവിൽ മെഡിക്കൽ ഫീൽഡിലേക്കുള്ള നിർമ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ ലഭിക്കുന്നുണ്ട്. കൊവിഡിനെ ചെറുത്തുതോല്പിക്കാൻ സർക്കാരുമായി ഒത്തൊരുമിച്ച് കൂടുതൽ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കും. വ്യവസായ മേഖലയ്ക്ക് കൂടുതൽ ഇളവുകൾ നൽകാൻ സർക്കാർ തയ്യാറാകണം.

-കെ.പി.ഖാലിദ് (പ്രസി), കിരൺകുമാർ (ജ.സെക്ര), കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറം.