പാലക്കാട്: തിരിമുറിയാതെ പെയ്യേണ്ട തിരുവാതിര ഞാറ്റുവേലയിൽ പേരിനുപോലും മഴ ലഭിക്കാത്തതിനെ തുടർന്ന് കുരുമുളക് കൊടികൾ തിരിയിടാൻ വൈകിയത് കർഷകർക്ക് തിരിച്ചടിയായി. കാലാവസ്ഥ അനുകൂലമെങ്കിൽ സാധാരണ ജൂൺ അവസാനത്തോടെ കൊടികളിൽ തിരിവരും. ഇത്തവണ സമയത്ത് മഴ കിട്ടാതിരുന്നതോടെ ചെടികളിൽ പരാഗണം നടക്കാതെ കൊടികൾ മാത്രമാണുള്ളത്.
വടക്കഞ്ചേരി, മംഗലംഡാം, മുണ്ടൂർ, അട്ടപ്പാടി, മണ്ണാർക്കാട്, അലനല്ലൂർ മേഖലകളിലാണ് ജില്ലയിൽ കുരുമുളക് കൃഷി കൂടുതലും. തിരിയിടാതായതോടെ വലിയ സാമ്പത്തിക നഷ്ടം ഈ വർഷമുണ്ടാകുമെന്ന് കർഷകർ പറഞ്ഞു. മംഗലംഡാം, കയറാടി എന്നിവിടങ്ങളിൽ കൊടികളിൽ തിരിവന്നെങ്കിലും കൊഴിയുന്ന അവസ്ഥയാണ്.
വിളവ് കുറയുന്ന വഴി
കനം കുറഞ്ഞ തിരികളെ പൂർണ്ണമായി വികസിപ്പിച്ചെടുക്കാൻ വളരെ ബുദ്ധിമുട്ടാണ്.
തിരിയിട്ട ശേഷം മഴയില്ലാതെ രണ്ടാഴ്ച ഇടവേള ലഭിക്കുന്നത് നന്നായി മണികൾ പിടിക്കുന്നതിന് അനുയോജ്യം.
അതിനുശേഷം വളർച്ചയുടെ നിർണ്ണായക ഘട്ടത്തിൽ വരുന്ന മഴക്കുറവ് 25% വരെ വിളവ് കുറയാൻ കാരണമാകും.
സാധാരണ മഴ ലഭിക്കുന്നതിലുള്ള അപാകത മൂലം കുരുമുളക് തിരിയുടെ നീളം, മണികളുടെ എണ്ണം, വലിപ്പം എന്നിവ കുറയും.
ഇത്തവണ മഴക്കുറവും ചൂടും കാരണം പരാഗണം നടക്കാതെ തിരിപോലും വരാത്തത് വിളവ് വൻതോതിൽ കുറയാൻ നിമിത്തമായി.
വരുമാനം കുറയും
തെങ്ങ്, കവുങ്ങ് എന്നിവയിലായി മൂന്നേക്കറിൽ കുരുമുളക് കൃഷിയുണ്ട്. ശരാശരി ഒരുവർഷം രണ്ടു ലക്ഷം രൂപ വരുമാനം ലഭിക്കും. മഴക്കുറവ് മൂലം കൊടികളിലൊന്നും തിരിവന്നിട്ടില്ല. ചുരുക്കം കൊടികളിൽ വന്നെങ്കിലും കൊഴിയുന്നു. 10000 രൂപ പോലും ഇത്തവണ ലഭിക്കില്ല. വിലക്കുറവ് മൂലം രണ്ടുവർഷത്തെ കുരുമുളക് കെട്ടിക്കിടക്കുന്നു.
-വി.ബാബു, കർഷകൻ, കയറാടി.