പാലക്കാട്: രാജ്യത്ത് പൊതുമേഖലയിലെ ആദ്യ പ്രതിരോധ പാർക്ക് ഒറ്റപ്പാലത്ത് ഉദ്ഘാടനത്തിനൊരുങ്ങുന്നു. 130.94 കോടി ചെലവിൽ 60 ഏക്കറിലാണ് പ്രതിരോധ പാർക്ക് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് വിപുലമായ പരിപാടികൾ ഒഴിവാക്കി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നടത്താനാണ് ചർച്ചകൾ നടക്കുന്നത്.
പ്രതിരോധ ഉപകരണങ്ങൾ നിർമ്മിക്കുന്ന വിവിധ യൂണിറ്റുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം. ചെറിയ ആയുധങ്ങളും തോക്കുകളും നിർമ്മിക്കുന്ന കമ്പനികൾക്ക് ആവശ്യമായ പ്രതിരോധ ലാബ് സജ്ജീകരിക്കാനും പദ്ധതിയുണ്ട്. ഇതുകൂടാതെ ഒറ്റ എൻജിൻ വിമാനങ്ങളുടെ പ്രധാനഭാഗങ്ങൾ നിർമ്മിക്കാനും ആലോചനയുണ്ട്. ഇതിനായി നാവിക സേനയുമായും വ്യോമസേനയുമായും ചർച്ചചെയ്തിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിലായിരിക്കും ഈ പദ്ധതി നടപ്പാക്കുകയെന്ന് കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി പറഞ്ഞു.
നിർമ്മാണം പൂർത്തിയായത്
അഡ്മിനിസ്‌ട്രേറ്റീവ് ബിൽഡിംഗ്
കോമൺ ഫെസിലിറ്റി സെന്റർ
പ്രതിരോധ ഉപകരണങ്ങൾ സൂക്ഷിക്കാനായുള്ള മൂന്ന് വെയർ ഹൗസുകൾ
യൂട്ടിലിറ്റി സെന്റർ
ലോകത്താകമാനമുള്ള പ്രതിരോധ മേഖലയിലെ ഏകദേശം 50 കമ്പനികൾ കിൻഫ്രയിൽ തങ്ങളുടെ യൂണിറ്റ് തുടങ്ങുമെന്നതാണ് പ്രതീക്ഷ. 130.94 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര വ്യവസായ മന്ത്രാലയത്തിന്റെ 50 കോടി സഹായം ലഭിച്ചിട്ടുണ്ട്.
സന്തോഷ് കോശി, കിൻഫ്ര മാനേജിംഗ് ഡയറക്ടർ