പാലക്കാട്: നിരക്ക് വർദ്ധനവിന് മന്ത്രിസഭ അംഗീകാരം നൽകിയതിനെ തുടർന്ന് ജില്ലയിൽ കൂടുതൽ സ്വകാര്യ ബസുകൾ ഇന്നലെ നിരത്തിലിറങ്ങി. 300 ബസുകളാണ് ഇന്നലെ മാത്രം സർവീസ് നടത്തിയതെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ അറിയിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബസ് ജീവനക്കാർക്ക് കൈത്താങ്ങായാണ് പലരും നിലവിൽ യാത്രക്കാർ കുറവാണെങ്കിലും ബസ് സർവീസ് നടത്താൻ കാരണം. സാധാരണ ഒരു ദിവസം 2500 രൂപ കളക്ഷൻ ലഭിക്കുന്ന ബസുകൾക്ക് നിലവിൽ 700-1000 രൂപയേ ലഭിക്കുന്നുള്ളു. ഇതിനിടയിൽ കേന്ദ്ര സർക്കാരിന്റെ ഇന്ധനവില വർദ്ധനവ് താങ്ങാൻ കഴിയുന്നില്ലെന്നും ബസുടമകൾ പറയുന്നു. നിലവിലെ ചാർജ്ജ് ഉടമകൾക്ക് വലിയ ഗുണകരമല്ലെങ്കിലും കൂടുതൽ ബസുകൾ നിരത്തിലിറക്കാൻ തന്നെയാണ് ഉടമകളുടെ തീരുമാനം.
ഇന്നലെ 30 ശതമാനം ബസുകൾ സർവീസ് നടത്തി. ജി ഫോം നടപടികൾ പൂർത്തിയാകുന്നതോടെ കൂടുതൽ ബസുകൾ തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കും
ടി.ഗോപിനാഥൻ, ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ജില്ലാ ജനറൽ സെക്രട്ടറി