പാലക്കാട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് 50 ശതമാനം സീറ്റ് വേണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി.എച്ച്.ഫിറോസ് ബാബു. തുടർച്ചയായി മൂന്നുവർഷം മത്സരിച്ചവർ മാറിനിന്ന് യുവാക്കൾക്ക് അവസരം നൽകണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ലോക്ക് ഡൗൺ കാലത്ത് ജില്ലയിലുടനീളം വിവിധ തരത്തിലുള്ള സന്നദ്ധപ്രവർത്തനങ്ങൾ നടത്തി. കൊവിഡിന്റെ തുടക്കത്തിൽ ജില്ലാ ബ്ലഡ് ബാങ്കിൽ രക്തം ലഭ്യമാകാതിരുന്ന സാഹചര്യങ്ങളിൽ അറുപതോളം യൂണിറ്റ് രക്തം നൽകി. 20,000ൽ അധികം മാസ്‌കുകൾ വിതരണം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എയുടെ ആഹ്വാനപ്രകാരം പ്രതിസന്ധിയിൽ യുവതയുടെ കരുതൽ എന്നപേരിൽ യൂത്ത് കെയർ ഭക്ഷ്യധാന്യങ്ങൾ, പച്ചക്കറി കിറ്റുകൾ, വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്ക് മരുന്ന്, ഭക്ഷണം, ആശുപത്രിയിലേക്ക് യാത്ര തുടങ്ങിയവ ലഭ്യമാക്കി. പൊലീസുകാർക്ക് വെള്ളം, മാസ്‌ക്, കുടകൾ എന്നിവയും നൽകി. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് സജ്ജീകരിക്കുന്നതിനായി പൊടിപിടിച്ചുകിടന്ന നാലുനില കെട്ടിടം ശുചിയാക്കി.
ഭർത്താവ് ഉപേക്ഷിച്ചുപോയതിനെ തുടർന്ന് മൂന്നുമക്കളുമായി ദുരിതത്തിലായ മുതലമട പഞ്ചായത്തിലെ ചെമ്മണംപടിയിൽ അണ്ണാനഗറിലെ വാടകവീട്ടിൽ കഴിയുന്ന വീട്ടമ്മയ്ക്ക് മൂന്നു സെന്റ് സ്ഥലം വാങ്ങുന്നതിന് മുൻകൂർ തുക നൽകി. നാലു മാസത്തിനകം രജിസ്റ്റർ ചെയ്യും. ഇതിനുപുറമേ ജില്ലയിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് അവർ പഠിക്കട്ടെ, നമുക്ക് തണലാകാം എന്ന പദ്ധതിക്ക് തുടക്കമിട്ടു. പദ്ധതിയുടെ ഭാഗമായി നൂറ്റി എൺപതോളം ടി.വി., ടാബ് തുടങ്ങിയവയും വിതരണം ചെയ്തു. മലമ്പുഴ, ഷൊർണൂർ എന്നിവിടങ്ങളിലെ വൈദ്യുതി ഇല്ലാത്ത വീടുകളിൽ വൈദ്യുതി എത്തിക്കാനും സഹായിച്ചതായി പ്രസിഡന്റ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടരി വിനോദ് ചേറാട്, സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ഫെബിൻ പങ്കെടുത്തു.