തച്ചമ്പാറ: ജലസേചന വകുപ്പ് തെളിച്ച വഴിയിലൂടെ ഇനി കാഞ്ഞിരപ്പുഴ ഒഴുകും തടസങ്ങളേതുമില്ലാതെ. കാഞ്ഞിരപ്പുഴ ഡാമിന് സമീപം പാലത്തിന് താഴേക്കുള്ള രണ്ടുകിലോമീറ്ററോളം പ്രദേശം കഴിഞ്ഞദിവസം ജലസേചന വകുപ്പ് അധികൃതർ വൃത്തിയാക്കി.
ഭാരതപുഴയുടെ കൈവഴികളായതിനാൽ വിവിധ പേരുകളിലാണ് ഈ പുഴ അറിയപ്പെടുന്നത്. ഇരുമ്പകച്ചോലയിൽ നിന്നുവരുന്ന പൊട്ടിപുഴയും പാലക്കയത്ത് നിന്നുവരുന്ന പാലക്കയം പുഴയും സംഗമിക്കുന്നിടത്താണ് ഇത് കാഞ്ഞിരപ്പുഴയായി മാറുന്നത്. ഇവിടെയാണ് ഡാം നിർമ്മിച്ചിട്ടുള്ളത്, ഡാം നിറയുമ്പോൾ ഈ പുഴയിലേക്കാണ് വെള്ളം ഒഴുക്കിവിടുന്നത്. തച്ചമ്പാറ ദേശീയപാതയുടെ ഭാഗത്ത് എത്തുമ്പോൾ പേര് ചൂരിയോട് പുഴയെന്നാകും. കൂട്ടിലക്കടവിലേക്ക് പ്രവേശിച്ചാൽ കരിമ്പുഴ ആയിമാറും.
കൈയേറ്റം പുഴ മെലിയാൽ കാരണമായി
കാഞ്ഞിരപ്പുഴ ഡാം നിർമ്മിച്ചതോടെയാണ് പുഴ മെലിഞ്ഞുതുടങ്ങിയത്. പുഴയോരങ്ങൾ സ്വകാര്യ വ്യക്തികൾ കൈയേറി. ചിലർ വീടുവച്ചു, കെട്ടിടങ്ങൾ പണിതു, മറ്റുചിലർ കൃഷിചെയ്തു. ഇതോടെ സ്വാഭാവിക ഒഴുക്ക് നഷ്ടമായി പുഴ ശോഷിച്ചു. കഴിഞ്ഞവർഷം പ്രളയത്തിൽ ഡാം തുറന്നപ്പോൾ പുഴയ്ക്ക് മുകളിലുള്ള കോസ് വേ തകർന്നിരുന്നു. പുഴയിൽ കല്ലും മണ്ണും വന്നടിഞ്ഞ് സമീപത്തെ വീടുകളെല്ലാം വെള്ളത്തിനടിയിലായി. ഈ വർഷവും അതിർവർഷ സാദ്ധ്യതയുള്ളതിനാലാണ് നാട്ടുകാർ അടിയന്തരമായി പുഴ വൃത്തിയാക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നത്. ഒടുവിൽ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കാഞ്ഞിരപ്പുഴയിൽ നിന്ന് പാണ്ടിക്കാടവ് വരെ രണ്ടുകിലോമീറ്റർ ചളിയും ഒഴുക്കിന് തടസമാകുന്ന കൈതച്ചെടികളും നീക്കം ചെയ്യാൻ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം പുഴയിലെ ചെളിനീക്കംചെയ്യാൻ തുടങ്ങിയത്. ഈ ആഴ്ചയ്ക്കുള്ളിൽ ജോലികൾ പൂർത്തിയാക്കുമെന്ന് അധികൃതർ പറഞ്ഞു.