walayar
walayar

പാലക്കാട്: അന്തർ സംസ്ഥാന യാത്രകൾക്ക് പാസ് നിർബന്ധമല്ലാതാക്കിയതിന്റെ പശ്ചാത്തലത്തിൽ കൊവിഡ് ജാഗ്രത പോർട്ടൽ മുഖേന യാത്രപാസ് എടുക്കണമെന്ന് നിബന്ധന നിർത്തലാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം, വാളയാർ ചെക്ക്‌പോസ്റ്റ് വഴി കേരളത്തിലേക്ക് വരുന്ന എല്ലാവരും ജാഗ്രതാ പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. നിലവിൽ ലഭിച്ച പ്രവേശനാനുമതിയിലെ തീയതിയിൽ തന്നെ യാത്ര ചെയ്യണമെന്ന് നിർബന്ധമില്ല. എന്നാൽ, വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാതെ വരുന്നവരെ ചെക്ക്‌പോസ്റ്റിൽ വെച്ച് നിർബന്ധമായും രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷമേ കടത്തിവിടുകയുള്ളൂ. ഇതിനായി പ്രത്യേക കൗണ്ടറുകൾ വാളയാർ ചെക്ക്‌പോസ്റ്റിൽ സജ്ജമാക്കിയതായും ജില്ലാ കളക്ടർ അറിയിച്ചു.

 ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരം

ജില്ലയിൽ കൊവിഡ് 19 ബാധിച്ച് ഗവ.മെഡിക്കൽ കോളേജ്, ജില്ലാആശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, മാങ്ങോട് കേരള മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചികിത്സയിൽ കഴിയുന്ന വൃദ്ധരുടേയും കുട്ടികളുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

60 വയസിനു മുകളിലുള്ളവർ ജില്ലാ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. നിലവിൽ 19 പേർ ചികിത്സയിലുണ്ട്. ഇതിൽ 11 പേർ വാർദ്ധക്യ സംബന്ധമായ അസുഖങ്ങൾ ഉള്ളവരാണെങ്കിലും നിലവിലെ ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ല.

18ന് താഴെ പ്രായമുള്ള 19 കുട്ടികളാണ് ജില്ലയിൽ ആകെ ചികിത്സയിലുള്ളത്. ഒരു വയസ്സു മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾ ചികിത്സയിലുണ്ട്. ജില്ലാ ആശുപത്രിയിൽ നാലുപേരും സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ 10 പേരും മാങ്ങോട് മെഡിക്കൽ കോളേജിൽ മൂന്നും പാലക്കാട് ഗവ.മെഡിക്കൽ കോളേജിൽ രണ്ടുപേരുമാണ് ഉള്ളത്. കുട്ടികളുടെയും ആരോഗ്യ നില തൃപ്തികരമാണ്. ചിലർ രോഗബാധിതരായ രക്ഷിതാക്കൾക്കൊപ്പമാണ് ചികിത്സയിലുള്ളതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.