പാലക്കാട്: ജൈനിമേട് ശ്മശാനത്തിലെ മണ്ണ് കടത്തലിനെ ചൊല്ലിയുള്ള ബഹളത്തിൽ നഗരസഭാ കൗൺസിൽ യോഗം മുടങ്ങി. കൗൺസിൽ അറിയാതെ നടന്ന മണ്ണ് കടത്തൽ വിജിലൻസ് അന്വേഷിക്കണമെന്നും അന്വേഷണം പൂർത്തിയാകുംവരെ ചെയർപേഴ്‌സൺ തൽസ്ഥാനത്തുനിന്നും മാറി നിൽക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. രാജിവയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഏത് അന്വേഷണവും നേരിടാമെന്നും ചെയർപേഴ്‌സനും വ്യക്തമാക്കി. ശ്മശാന സംരക്ഷണ സമിതിയുടെ അറിവോടെ നഗരസഭാ പദ്ധതിക്ക് മണ്ണെടുത്തതിൽ ക്രമക്കേടില്ലെന്നും അവർ പറഞ്ഞു.
പ്രതിപക്ഷാംഗങ്ങൾ ചെയർപേഴ്‌സനു മുന്നിലെത്തി ബഹളം തുടങ്ങിയതോടെ കൗൺസിൽ നിർത്തിവെച്ചു. പിന്നീട് യോഗനടപടികളിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും പ്രതിപക്ഷ ബഹളത്തിൽ മുങ്ങിയതിനാൽ അജൻഡകൾ പാസായതായി പ്രഖ്യാപിച്ച് യോഗം അവസാനിപ്പിച്ചു. റോഡ് മരാമത്ത് പ്രവർത്തികളിലൊഴികെ മറ്റ് അജൻഡകൾ പാസാക്കിയതിനെതിരെ വിയോജനകുറിപ്പ് നൽകിയതായി പ്രതിപക്ഷം അറിയിച്ചു.

നിമേട് ശ്മശാനത്തിൽ നിന്നും നിരവധി ലോഡ് മണ്ണ് കടത്തിയത് കഴിഞ്ഞ ദിവസം നാട്ടുകാർ ഇടപെട്ടാണ് തടഞ്ഞത്. അനധികൃതമായാണ് മണ്ണു കടത്തിയതെന്നും ഇതിന് കൗൺസിൽ അനുമതിയില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ, ട്രഞ്ചിങ്ങ് ഗ്രൗണ്ടിൽ ഗ്രീൻബെൽറ്റ് നിർമ്മാണത്തിനാണ് മണ്ണെടുത്തതെന്നും യു.ഡി.എഫിലെയും എൽ.ഡി.എഫിലെയും ഓരോ കൗൺസിലർമാർ തങ്ങളുടെ വാർഡുകളിലെ വെള്ളക്കെട്ട് പരിഹരിക്കാൻ മണ്ണ് ആവശ്യപ്പെട്ട് കത്തുതന്നിരുന്നതായും പറഞ്ഞാണ് ചെയർപേഴ്‌സൺ ആരോപണങ്ങളെ പ്രതിരോധിച്ചത്.
തിരുനെല്ലായ് മണലാഞ്ചേരി ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ നിർമ്മാണ ആവശ്യത്തിനായി പതിനെട്ടു ലോഡോളം മണ്ണ് ഇറക്കിയതിന്റെ ചിത്രങ്ങളുമായാണ് എൽ.ഡി.എഫ് രംഗത്തിറങ്ങിയത്. വാർഡുകളിലെ വെള്ളക്കെട്ട് തീർക്കാൻ അമൃത് പദ്ധതിയുടെ ഭാഗമായി തോടുകളിൽ നിന്നും മറ്റും എടുത്ത് കൂട്ടിയിട്ടിരിക്കുന്ന ലോഡ് കണക്കിന് മണ്ണ് വേറെയുണ്ടെന്ന് യു.ഡി.എഫും ചൂണ്ടിക്കാട്ടി. വിജിലൻസ് അന്വേഷണം എന്ന ആവശ്യവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെയാണ് സഭ പിരിഞ്ഞത്. ചെയർപേഴ്‌സൺ പ്രമീള ശശിധരൻ അധ്യക്ഷത വഹിച്ചു.