പാലക്കാട്: പത്തനംതിട്ട അയിരൂർ ചെറുകോൽപുഴ ജ്ഞാനാനന്ദ ആശ്രമം മഠാധിപതി സ്വാമി ചിദ്ഭവാനന്ദ സരസ്വതി (82) സമാധിയായി. ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ പ്രധാന പ്രവർത്തകനായിരുന്നു.
പാലക്കാട് കല്ലേക്കുളങ്ങര ശിവാനന്ദാശ്രമത്തിൽ ഇന്നലെ രാവിലെ 6.45നായിരുന്നു സമാധി. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു സമാധി. ഗുരുപൂർണിമ ആഘോഷത്തിനായി കഴിഞ്ഞമാസം 21നാണ് പാലക്കാട് എത്തിയത്.
1999ൽ പാലക്കാട് ശിവാനന്ദാശ്രമത്തിൽ നിന്നാണ് ദീക്ഷ സ്വീകരിച്ചത്. സ്വാമി നിത്യാനന്ദസരസ്വതിയാണ് ഗുരു.
ഇന്നലെ ഉച്ചക്ക് രണ്ടിന് ശിവാനന്ദാശ്രമത്തിൽ നടന്ന ചടങ്ങിൽ സ്വാമി സ്വരൂപാനന്ദ സരസ്വതി, നല്ലേപ്പിള്ളി നാരായണാലയ ആശ്രമം സ്വാമി സന്മായാനന്ദ സരസ്വതി, സന്യസിസഭ ജനറൽ സെക്രട്ടറി സ്വാമി പ്രഭാകരാനന്ദ സരസ്വതി, ഓലശ്ശേരി സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, സ്വാമി പ്രണവാനന്ദ സരസ്വതി, സ്വാമി ജയമണികണ്ഠ സരസ്വതി എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു. ചീക്കുഴി ജ്ഞാനാനന്ദസമാധി മന്ദിരത്തിൽ സമാധിയിരുത്തി.ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങ്.