 
പാലക്കാട്: പാലുല്പാദന മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കൊപ്പം, മലമ്പുഴ പഞ്ചായത്തുകളിൽ മാതൃകാ ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കും. രണ്ട് പഞ്ചായത്തുകൾക്കും അഞ്ചുലക്ഷം രൂപ വീതം ഇതിനായി വിനിയോഗിക്കും. അതത് പഞ്ചായത്തുകളിലെ മൃഗഡോക്ടർമാരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുക.
മലമ്പുഴയിൽ പദ്ധതി ആരംഭിച്ചു. വനമേഖലയോട് ചേർന്നുള്ള പ്രദേശത്തെ പശുക്കളിൽ പേൻ, ചെള്ള് എന്നിവ മൂലം വിവിധ തരം പകർച്ചവ്യാധികൾ പിടിപെടാൻ സാദ്ധ്യതയേറെയാണ്. പ്രദേശത്ത് 2586 പശുക്കളാണുള്ളത്. പശുക്കളിൽ രോഗം പിടിപെട്ടാൽ പാലുല്പാദനം കുറയും. ഈ സാഹചര്യം മുന്നിൽക്കണ്ട് പ്രതിരോധത്തിന് ഊന്നൽ നൽകുന്നതാണ് പദ്ധതി.
ഇതിന്റെ ഭാഗമായി 18തരം മരുന്നുകൾ അടങ്ങിയ ആരോഗ്യ പരിരക്ഷാ കിറ്റ് നൽകിത്തുടങ്ങി. 250 ക്ഷീരകർഷകർക്ക് ഇതുവരെ കിറ്റ് വിതരണം ചെയ്തു. കൊപ്പം പഞ്ചായത്തിൽ 50% സബ്‌സിഡിയോടെ 50,000 രൂപ വീതം ചെലവിൽ 20 പശുക്കളെ വാങ്ങി കർഷകർക്ക് നൽകുന്നതാണ് പദ്ധതി. 908 പശുക്കളാണ് നിലവിൽ കൊപ്പത്തുള്ളത്. വിവിധ മാനദണ്ഡ പ്രകാരമാകും വിതരണം.
കൂടുതൽ നേട്ടം
കൂടുതൽ പശുക്കളെ ലഭ്യമാക്കുകയും പ്രതിരോധ ശേഷി കൂട്ടുന്നതും വഴി കർഷകർക്ക് വലിയ നേട്ടമാണുണ്ടാകുക. പശുപരിപാലനം സംബന്ധിച്ച് ബോധവത്കരണവും നൽകും.
-ഡോ. ജോജു ഡേവിസ്, പി.ആർ.ഒ, ജില്ലാ മൃഗസംരക്ഷണ വകുപ്പ്.