pulchadi
അട്ടപ്പാടിയിൽ കണ്ടെത്തിയ ഡെസേർട്ട് ലോക്കസ്റ്റ് പുൽച്ചാടി

അഗളി: പുതൂർ പഞ്ചായത്തിൽ വെട്ടുകിളി ശല്യമുണ്ടെന്ന പരാതിയെ തുടർന്ന് കൃഷി വകുപ്പ് നടത്തിയ പരിശോധനയിൽ മേഖലയിൽ ഇവയുടെ സാന്നിദ്ധ്യമില്ലെന്ന് കണ്ടെത്തി. വയനാട്ടിൽ കണ്ടുവരുന്ന സ്‌പോട്ടഡ് ലോക്കസ്റ്റ് അഥവാ ഔലാർക്കിസ് മിലിയാറിസ് എന്നയിനം പുൽച്ചാടിയുടെ സാന്നിദ്ധ്യമാണ് ഇവിടെയുള്ളത്.

മറ്റു സംസ്ഥാനങ്ങളിൽ കണ്ടുവരുന്ന ഡെസേർട്ട് ലോക്കസ്റ്റ് എന്ന വെട്ടുകിളി ശല്യം അട്ടപ്പാടിയിലില്ല. സാധാരണ വനത്തോട് ചേർന്നുള്ള സ്ഥലങ്ങളിലാണ് ഇവ കാണുന്നത്. നിലവിലുള്ള പുൽച്ചാടി ശല്യം വ്യാപകമായി കാണുകയാണെങ്കിൽ പ്രതിരോധത്തിന് വേപ്പെണ്ണ അധിഷ്ഠിത കീടനാശിനികളോ വേപ്പെണ്ണ കഷായമോ തളിക്കണം. കർഷകർ യാതൊരു വിധത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.

കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആർ.ലതയുടെ നിർദ്ദേശ പ്രകാരം കൃഷി ഓഫീസർ സി.ഡി.സന്തോഷിന്റെ നേതൃത്വത്തിൽ വിള ആരോഗ്യ കേന്ദ്രം ഫീൽഡ് അസിസ്റ്റന്റ് നൗഷാദ് ചേന്നാട്ട്, കൃഷി അസിസ്റ്റന്റുമാരായ സുരേഷ്, മണികണ്ഠൻ എന്നിവരടങ്ങുന്ന സംഘമാണ് താഴേതുടുക്കി, മേലെതുടുക്കി, ഗലസി ആദിവാസി ഊരുകളിൽ പരിശോധന നടത്തിയത്.