vintage-car

പാലക്കാട്: വിന്റേജ് കാറുകളെ സ്നേഹിക്കുന്നൊരു മനുഷ്യനുണ്ട് പാലക്കാട് പട്ടണത്തിൽ. ചന്ദ്ര നഗറിൽ രാജേഷ് അംബാൾ. വീട്ടുമുറ്റത്തിന്നുണ്ട്, പ്രൗഢിയോടെ 14 പേർ. ഇഷ്ടം കൂടിക്കൂടി അടുത്തതിനുള്ള അന്വേഷണത്തിലാണ് കക്ഷി.

പഴക്കം കൂടുംതോറും രാജേഷിന് കാറുകളോടുള്ള പ്രിയവും കൂടും. വിവിധ മോഡൽ ന്യൂ ജെൻ കാറുകൾ റോഡിലൂടെ ചീറിപ്പായുമ്പോൾ രാജേഷ് തേടിപ്പിടിക്കുന്നത് മുത്തച്ഛൻ കാറുകളെ.

1933 മോഡൽ ഫിയറ്റ് ബെല്ലിയയാണ് കൂട്ടത്തിലെ മുതുമുത്തച്ഛൻ. 1936ലെ മോറിസ് -8 തൊട്ടപ്പുറത്ത്. ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് ജീപ്പ് (പെട്രോൾ, ഡീസൽ), അംബാസഡർ ലാൻഡ് മാസ്റ്റർ, ഒ.എച്ച്.വി, ഡോഡ്ജ് ഡാർട്ട്, കോറോണട്ട്, ക്രിസ്ലർ, കോണ്ടസ എന്നിങ്ങനെ പോകുന്നു കാറുകളുടെ നിര.

പ്രായാധിക്യം ഒന്നിനെയും ബാധിച്ചിട്ടില്ല, എല്ലാം നല്ല കണ്ടീഷനാണ്. ഏതൊരു കാറ് വാങ്ങിയാലും കുടുംബത്തോടെ ഊട്ടിയിലേക്കൊരു യാത്ര നിർബന്ധം.

അംബാൾ പ്രിന്റിംഗ് പ്രസ് ഉടമയായ രാജേഷ് ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര നടത്തിയാലും ആദ്യം അന്വേഷിക്കുക കാറുകളുടെ സ്ക്രാപ്പുകൾ ലഭിക്കുന്ന സ്ഥലമാണ്. അതിപ്പോൾ കുന്നംകുളത്തായാലും കുവൈറ്റിലായാലും. പൊന്നുംവില കൊടുത്ത് സ്പെയർപാർട്സ് വാങ്ങും.

റോൾസ് റോയ്സ് സ്വന്തമാക്കണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹം. പണ്ട് 'ഹെറാൾഡ്' കൈവിട്ടുപോയതാണ് മനസിലെ നോവ്.

മോറിസും ഒ.എച്ച്.വിയും റോഡിലിറക്കിയാൽ ആരാധകർ ഫോട്ടോയെടുക്കാൻ ഓടിയെത്തും. വില ചോദിച്ച് വരുന്നവരും കുറവല്ല.

വിന്റേജ് കാറുകളോടുള്ള പ്രണയത്തിന്റെ മൈലേജ് കാത്തുസൂക്ഷിക്കാൻ ഭാര്യയും മക്കളായ ഋത്വിക, രൂപിക എന്നിവരും ഒപ്പമുണ്ട്.

എന്നും കൂട്ടായി കോണ്ടസ

(KL- 09- 01)

കോണ്ടസ ക്ലാസിക്കാണ് പ്രിയവാഹനം. കേരളത്തിൽ ജില്ല തിരിച്ച് വാഹന രജിസ്ട്രേഷൻ ആരംഭിച്ച ശേഷം പാലക്കാട് രജിസ്റ്റർ ചെയ്ത ആദ്യ വാഹനമാണിത്. 'നമ്പർ KL- 9- 1'. വിവാഹം, ഹണിമൂൺ, രണ്ടും മക്കളും ജനിച്ചപ്പോൾ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക്... വൈകാരിക മുഹൂർത്തങ്ങൾക്കൊക്കെ ഈ കോണ്ടസയായിരുന്നു ഒപ്പം.