covid
.

പാലക്കാട്: അന്തർ സംസ്ഥാന യാത്രാപാസ് നിർബന്ധമല്ലാതാക്കിയതിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ഏഴ് ചെക്ക്‌ പോസ്റ്റുകളിലും 22 ഊടുവഴികളിലും പൊലീസ് പരിശോധന കർശനമാക്കുമെന്ന് മന്ത്രി എ.കെ.ബാലൻ. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വാളയാർ വഴി വരുന്നവർ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇതിന് സാധിക്കാത്തവർക്ക് വാളയാറിൽ സൗകര്യമേർപ്പെടുത്തും.

ഗവ.മെഡി.കോളേജിൽ പി.സി.ആർ ടെസ്റ്റ് ആരംഭിച്ചതോടെ സാമ്പിൾ പരിശോധനയുടെ വേഗം വർദ്ധിച്ചു. പ്രതിദിനം 400 സാമ്പിൾ ജില്ലയിൽ നിന്ന് പരിശോധനയ്ക്കായി അയക്കുന്നുണ്ട്. മെഡിക്കൽ കോളേജിൽ 600 സാമ്പിൾ പരിശോധിക്കാനുള്ള സൗകര്യമുണ്ട്. ഇതിനുപുറമെ തൃശൂർ മെഡി.കോളെജിലും ആലപ്പുഴ എൻ.ഐ.വി.യിലും സ്രവം പരിശോധനയ്ക്ക് അയക്കും.

രോഗം പടരാതിരിക്കുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായി ശാരീരിക അകലം, കൈകഴുകൽ, മാസ്ക് ധരിക്കൽ എന്നിവ കർശനമായി പാലിക്കുകയും ശീലമാക്കുകയും വേണം. ഉദ്യോഗസ്ഥരുടെ നിർദേശം എല്ലാവരും അനുസരിക്കണം.

അന്യസംസ്ഥാന തൊഴിലാളികൾക്ക് തൊഴിലുടമകൾ ക്വാറന്റൈൻ സൗകര്യം ഉറപ്പാക്കണം. വീടുകളിൽ സൗകര്യമില്ലാത്തവരുടെ സ്ഥിതി പരിശോധിച്ച് സർക്കാർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ലഭ്യമാക്കും. ലോക്ക് ഡൗൺ നിർദേശ ലംഘനത്തിന് പിടിച്ചെടുത്ത വാഹനങ്ങൾ പിഴയടച്ച് തിരിച്ചെടുക്കാം.

ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് 2,​50,​575 ഭക്ഷ്യകിറ്റ് ഈ ആഴ്ച മുതൽ വിതരണം ചെയ്യും.

സുഭിക്ഷ കേരളം പദ്ധതിക്ക് 1486 ഹെക്ടർ ഭൂമി കണ്ടെത്തി. ഇതിൽ 469 ഹെക്ടറിൽ ഒന്നാംവിള തുടങ്ങി. നെല്ല്, വാഴ, പച്ചക്കറി, കിഴങ്ങ് വർഗം, പയർ, ചെറുധാന്യങ്ങൾ തുടങ്ങിയവ കൃഷി ചെയ്യും. 138.8 ഹെക്ടർ നെൽകൃഷിയാണ്. വിളവെടുപ്പ് സമയത്ത് തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ സംഭരണ, വിതരണ വിപണി കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ.കൃഷ്ണൻകുട്ടി,​ ജില്ലാ കലക്ടർ ഡി.ബാലമുരളി, ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം, എ.ഡി.എം ആർ.പി.സുരേഷ് എന്നിവരും പങ്കെടുത്തു.

ക്വാറന്റൈൻ ലംഘനം രോഗവ്യാപനത്തിന് ഇടയാക്കും

നിരീക്ഷണത്തിലിരിക്കുന്നവർ ക്വാറന്റൈൻ ലംഘിക്കുന്നത് സമൂഹ വ്യാപനത്തിലേക്ക് നയിക്കും. നിർദേശം പാലിക്കുന്നുണ്ടോയെന്ന് വാർഡ്- പഞ്ചായത്ത് തല കമ്മിറ്റികൾ പരിശോധിക്കും. ലംഘിക്കുന്നവർക്കെതിരെ പൊലീസ് കർശന നടപടിയെടുക്കും.

പ്രവാസികൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കും 14 ദിവസ ക്വാറന്റൈൻ നിർബന്ധമാണ്. നിരീക്ഷണത്തിലിരിക്കുന്നവരുടെ വീട്ടുകാരും ജാഗ്രത പുലർത്തണം. അനാവശ്യമായി പുറത്തിറങ്ങുകയോ പുറത്തുള്ളവരുമായി സമ്പർക്കത്തിലേർപ്പെടുകയോ ചെയ്യരുത്. നിരീക്ഷണത്തിലിരിക്കുന്നവരോട് വിവേചനപരമായ പെരുമാറ്റം ഉണ്ടാകുന്നുണ്ട്. ഒറ്റപ്പെടുത്തുകയും വീടാക്രമണവും ഊരുവിലക്കുമെല്ലാം നാടിന് അപമാനമാണ്.

വ്യാപനമുണ്ടായാൽ നേരിടാൻ സജ്ജം

സമൂഹവ്യാപനമുണ്ടായാൽ നേരിടാൻ ആരോഗ്യ വകുപ്പ് സജ്ജമാണ്. നിലവിൽ ജില്ലാശുപത്രി,​ ഗവ.മെഡി. കോളേജ്,​ മാങ്ങോട് കേരള മെഡി. കോളേജ് എന്നിവ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായി പ്രവർത്തിക്കുന്നു. ജില്ലാ ആശുപത്രിയിൽ ഐ.സി.യു, ഒമ്പത് വെന്റിലേറ്റർ എന്നിവയുണ്ട്. ഇതിന് പുറമെ 40 വെന്റിലേറ്ററുകൾക്ക് അനുമതി ലഭിച്ചതിൽ അഞ്ചെണ്ണമെത്തി.

കഞ്ചിക്കോട് കിൻഫ്ര പാർക്കിലെ കെട്ടിടം അടുത്ത ഘട്ടത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായി സജ്ജമാക്കും. രോഗബാധിതർ വർദ്ധിക്കുന്ന സാഹചര്യം നേരിടാൻ കൂടുതൽ കെട്ടിടങ്ങൾ കണ്ടെത്തി. എൻ.ആർ.എച്ച്.എം മുഖേന ആരോഗ്യ വകുപ്പിൽ 500 ജീവനക്കാരെ നിയമിക്കുന്നതിൽ 40 പേർ ജോലിയിൽ പ്രവേശിച്ചു. ബാക്കിയുള്ളവരെ മൂന്നുഘട്ടങ്ങളിലായി നിയമിക്കും.

കൊവിഡ് സുരക്ഷാ ഉപകരണങ്ങളെല്ലാം ആവശ്യത്തിന് ലഭ്യമാണ്. 18000 പി.പി.ഇ കിറ്റ്, 38,​980 ത്രീ ലെയർ മാസ്‌ക്, 11,​966 എൻ 95 മാസ്‌ക്, സ്രവ പരിശോധനയ്ക്ക് 4000 ഉപകരണങ്ങളുമുണ്ട്.