അഗളി: വീട്ടിക്കുണ്ടിലെ സ്വകാര്യ തോട്ടത്തിൽ ചരിഞ്ഞ കാട്ടാനയുടെ വായിലെ മുറിവ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതിനെ തുടർന്നുള്ളതല്ലെന്ന് പ്രാഥമിക നിഗമനം. കൂടുതൽ രാസപരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത കൈവരൂ. ഇതിനായി സാമ്പിൾ ശേഖരിച്ചു.
വനം വകുപ്പ് സീനിയർ വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കി ജഡം ഇന്നലെ വൈകിട്ടോടെ മറവുചെയ്തു. ആനയുടെ വയറ്റിൽ ട്യൂമറുണ്ടായിരുന്നു. ന്യൂമോണിയയും ബാധിച്ചിരുന്നു. നാവിന് സാരമായ പരിക്കേൽക്കുകയും താടിയെല്ല് വേർപെട്ട നിലയിലുമായിരുന്നു. ഇതാവാം ചരിയാൻ കാരണമെന്ന് അധികൃതർ പറഞ്ഞു. താടിയെല്ലിനും നാവിനുമേറ്റ പരിക്ക് കുഴിയിൽ വീണോ മറ്റാനകളുമായുള്ള ഏറ്റുമുട്ടലിലോ സംഭവിച്ചതാകാമെന്നാണ് നിഗമനം.
വെള്ളിയാഴ്ചയാണ് അവശനിലയിലായ അഞ്ചുവയസ് തോന്നിക്കുന്ന കുട്ടിക്കൊമ്പനെ നാട്ടുകാർ കണ്ടത്. സംഭവമറിഞ്ഞെത്തിയ വനം വകുപ്പ് ചികിത്സ നൽകാൻ ശ്രമം നടത്തിയെങ്കിലും രാത്രിയോടെ ചരിഞ്ഞു. വായിൽ മുറിവുള്ളതിനാൽ കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഭക്ഷണം കഴിക്കാനായിട്ടില്ല. ഇത് ആരോഗ്യസ്ഥിതി വഷളാവാൻ കാരണമായി.
മേയ് 27ന് തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ തേങ്ങാപ്പടക്കം തിന്ന് വായ തകർന്ന കാട്ടാന ചരിഞ്ഞത് ദേശീയ തലത്തിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം. വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.