ആലത്തൂർ: രണ്ടുലക്ഷം വില വരുന്ന റോയൽ എൻഫീൽഡ് ക്ലാസിക്ക് വെറും 80,000 രൂപയ്ക്ക് ലഭിക്കുമെന്നതടക്കമുള്ള പ്രചരണം നടത്തിയുള്ള സൈന്യത്തിന്റെ പേരിലുള്ള തട്ടിപ്പ് ജില്ലയിലും. നിരവധി പേർക്ക് ഈ കെണിയിൽ വീണ് പണം നഷ്ടമായി.
സൈന്യത്തിന്റെ പേരുപയോഗിച്ച് പലതരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകളാണ് നടക്കുന്നത്. അക്കൗണ്ടിലേക്ക് നേരിട്ട് പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടും എ.ടി.എം കാർഡിന്റെ വിവരങ്ങൾ ശേഖരിച്ചും ഒരോ വ്യക്തിയുടെയും മുഴുവൻ വിവരങ്ങളും ശേഖരിച്ചുമെല്ലാം തട്ടിപ്പ് കൊഴുക്കുകയാണ്.
രണ്ടുലക്ഷം വില വരുന്ന ബുള്ളറ്റ് വെറും 86,000 രൂപയ്ക്ക് ലഭിക്കുമെന്നാണ് കൊല്ലങ്കോട് സ്വദേശിക്ക് ലഭിച്ച മെസേജ്. 2019 രജിസ്റ്റേഷൻ വാഹനം കോയമ്പത്തൂരിലെ സൈനിക ക്യാമ്പിലാണെന്നും പാർസൽ അയക്കാമെന്നും പറഞ്ഞു. പാർസൽ ചെയ്ത വാഹനത്തിന്റെ ചിത്രങ്ങളും നൽകി. പാർസൽ ചാർജ് 8,000 രൂപ വേണമെന്ന് പറഞ്ഞതോടെ സംശയം തോന്നി.
മുട്ടികുളങ്ങരയിലെ ബേക്കറി ഉടമയോട് സൈനിക ക്യാമ്പിലേക്ക് കേക്ക് നിർമ്മിക്കാൻ ആവശ്യപ്പെട്ടും തട്ടിപ്പുണ്ടായി. കേക്ക് നിർമ്മിച്ച് ഫോട്ടോ അയച്ച് നൽകി. കേക്കിന്റെ പണം നൽകാൻ എ.ടി.എം കാർഡിന്റെ വിവരം കൈമാറണമെന്ന് ആവശ്യപ്പെട്ടു. സി.ഐ.എസ്.എഫ് ജവാന്മാരാണെന്ന് പറഞ്ഞ് കരിപ്പൂർ വിമാനത്താവളത്തിലേക്ക് ഫർണിച്ചർ വേണമെന്ന് പറഞ്ഞ് കച്ചവടക്കാരുടെ അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചും തട്ടിപ്പിന് ശ്രമം നടന്നു. മീൻ കച്ചവടക്കാരിൽ നിന്നുപോലും സൈനികരുടെ ഫോട്ടോയും ഐ.ഡി കാർഡും വാട്സ് ആപ്പിൽ അയച്ച് തട്ടിപ്പിന് ശ്രമിച്ചിട്ടുണ്ട്.