പാലക്കാട്: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ വാഹന പരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്. ഓട്ടോ, ടാക്സി എന്നിവയിൽ ഡ്രൈവർക്കും യാത്രക്കാർക്കുമിടയിൽ അക്രിലിക് ഷീറ്റ് കൊണ്ട് കവചം സ്ഥാപിക്കാത്ത വാഹനങ്ങളുടെ പെർമിറ്റ് സസ്പെന്റ് ചെയ്യുന്ന നടപടികൾക്ക് ഒരുങ്ങി ആർ.ടി.ഒ.
നിലവിൽ നഗരത്തിൽ 70 ശതമാനവും ഗ്രാമപ്രദേശങ്ങളിൽ 50 ശതമാനവും ഓട്ടോകൾ മാത്രമാണ് നിർദ്ദേശം നടപ്പാക്കിയത്. ഞായറാഴ്ചകളിലെ സമ്പൂർണ്ണ ലോക്ക് ഡൗൺ പിൻവലിച്ചതോടെ പൊതുഗതാഗതത്തിലുള്ള ആളുകളുടെ യാത്ര വർദ്ധിച്ചു. ഈ സാഹചര്യത്തിലാണ് സുരക്ഷ മുൻനിറുത്തി നടപടി ശക്തമാക്കിയത്.
കഴിഞ്ഞ ദിവസം വരെയുള്ള പരിശോധനയിൽ ഷീറ്റ് സ്ഥാപിക്കാത്ത ഓട്ടോ ഡ്രൈവർമാരെ താക്കീത് നൽകി വിടുകയായിരുന്നു. വരും ദിവസങ്ങളിലെ പരിശോധനയിൽ ഇത്തരം ഓട്ടോറിക്ഷൾക്കെതിരെ മുന്നറിയിപ്പ് നോട്ടീസ് അയയ്ക്കും. തുടർന്നും നിർദ്ദേശം പാലിക്കാത്ത ഓട്ടോകളുടെ പെർമിറ്റ് സസ്പെന്റ് ചെയ്യും. നിലവിൽ നഗരത്തിൽ ഉൾപ്പെടെ ജനങ്ങൾ പൊതുസ്ഥലങ്ങളിൽ ഇറങ്ങി നടക്കുന്നത് കൂടിയതോടെ പൊലീസിന്റെ നേതൃത്വത്തിൽ രാത്രികാല പട്രോളിംഗ് ശക്തമാണ്. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസെടുക്കുകയും ചെയ്യുന്നുണ്ട്.
പരിശോധ ശക്തം
രാവിലെ ആറു മുതൽ രാത്രി പത്തുവരെയാണ് പരിശോധന. അക്രിലിക് ഷീറ്റ് സ്ഥാപിക്കാത്ത ഓട്ടോകളുടെ പെർമിറ്റ് സസ്‌പെന്റ് ചെയ്യണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ നാലും അഞ്ചും പേരെ കയറ്റി സർവീസ് നടത്തുന്ന ഓട്ടോകൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കും.
-പി.ശിവകുമാർ, എൻഫോഴ്സ്മെന്റ് ആർ.ടി.ഒ.