rain
.

പാലക്കാട്: ജില്ലയിൽ കാലവർഷം ശക്തമാകുന്നു. കഴിഞ്ഞ നാലുദിവസമായി വ്യാപകമായി അത്യാവശ്യം നല്ല മഴയാണ് പെയ്തത്. ഇന്നലെ പാലക്കാട് 44.4 മിമീ മഴ ലഭിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ തിങ്കളാഴ്ച രാവിലെ ഒമ്പതുവരെയുള്ള കണക്കുപ്രകാരമാണിത്.

ഇന്നലെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മണ്ണാർക്കാട് മേഖലയിലാണ്. 50.8 മി.മീ.. ഒറ്റപ്പാലം- 39.8, പറമ്പിക്കുളം- 20.0, തൃത്താല- 19.4, പട്ടാമ്പി- 16.0, കൊല്ലങ്കോട്- 7.8 മി.മീ. എന്നിങ്ങനെയാണ് വിവിധ മേഖലകളിൽ ലഭിച്ച മഴയുടെ കണക്ക്. മഴ ശക്തമായതോടെ നെൽപ്പാടങ്ങളിലെല്ലാം വെള്ളം നിറഞ്ഞതോടെ കർഷകർക്കും ആശ്വാസമായി. ഇതോടെ മന്ദഗതിയിലായിരുന്ന കാർഷിക പ്രവർത്തനം സജീവമായി.

ഡാം ജലനിരപ്പ് ഉയരുന്നു

മലമ്പുഴ വൃഷ്ടി പ്രദേശത്തും നല്ല മഴ ലഭിക്കുന്നതിനാൽ നീരൊഴുക്ക് വർദ്ധിച്ചതോടെ ഡാമിലെ ജലനിരപ്പും അല്പം ഉയർന്നു. ഞായറാഴ്ച 102.23 മീറ്റർ ഉണ്ടായിരുന്ന ജലനിരപ്പ് ഇന്നലെ 102.58 ആയി. 115.06 മീറ്ററാണ് സംഭരണ ശേഷി. പോത്തുണ്ടി- 94.72, കാഞ്ഞിരപ്പുഴ- 83.9, വാളയാർ- 196.3, മംഗലം- 71.3, ചുള്ളിയാർ- 142.8, മീങ്കര- 152.92 മീറ്റർ എന്നിങ്ങനെയാണ് മറ്റു ഡാമുകളിലെ ജലനിരപ്പ്.