പാലക്കാട്: ലോക്ക് ഡൗണിൽ വരുമാനം നിലച്ച ജിംനേഷ്യം ഉടമ മേലാമുറി സ്വദേശി കെ.കുട്ടൻ (50) വിക്ടോറിയ കോളേജിന് സമീപം റോഡരികിൽ ഉപജീവനത്തിനായി മാസ്ക് വിൽപ്പന തുടങ്ങി.
കുറേ വർഷങ്ങളായി ഫിറ്റ്നസ് മേഖലയിൽ പ്രവർത്തിക്കുന്ന കുട്ടൻ മൂന്നുവർഷം മുമ്പാണ് ഇൻഡോർ സ്റ്റേഡിയത്തിൽ സ്വന്തമായി ജിം ആരംഭിച്ചത്. ഇതുകൂടാതെ യൂസ്ഡ് കാറുകളുടെ വില്പനയുമുണ്ട്. ഇത്രയും കാലത്തെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്കുകൊണ്ട് ആറുമാസം മുമ്പ് ചന്ദ്രനഗറിലും ഒരു ജിം തുടങ്ങി. കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ ജീവിതം താളംതെറ്റി. ജിംനേഷ്യങ്ങളുടെ ഷട്ടറിട്ടു. വരുമാനം പൂർണമായും നിലച്ചു. കാർ വിപണിയും ചലനമറ്റു. ഇതോടെയാണ് അച്ഛൻ കൃഷ്ണൻ, ഭാര്യ സജിത, മക്കളായ ശ്രീയാഷ്, ശ്രീകേഷ് എന്നിവരടങ്ങുന്ന കുടുംബ ഫിറ്റ്നസ് തകരാതിരിക്കാൻ മാസ്ക് വിൽപ്പനയുമായി രംഗത്തിറങ്ങിയത്. ദിവസം 200 രൂപയോളം മാസ്ക് വിൽപ്പനയിലൂടെ ലഭിക്കും. ഇതുകൊണ്ട് കുടുംബം കഴിയുന്നു. ലക്ഷങ്ങൾ മുടക്കി വാങ്ങിയ മെഷീനുകൾ ഇടയ്ക്കിടെ പോയി പൊടിതട്ടും.
ജില്ലയിൽ 150ൽ അധികം ജിം, ഫിറ്റ്നസ് സെന്ററുകളുണ്ട്. നഗരത്തിൽ മാത്രം 20 എണ്ണവും. പലരും വായ്പയെടുത്താണ് ജിം ആരംഭിച്ചത്. വരുമാനം പൂർണമായും നിലച്ചതോടെ വാടകയും മറ്റും കൊടുക്കാൻ ഇല്ലാതെ കടുത്ത പ്രതിസന്ധിയിലാണ് പലരും. അടുത്ത മാസത്തോടെ ഫിറ്റ്നസ് മേഖലയിലെ നിയന്ത്രണങ്ങൾക്ക് ഇളവനുവദിക്കും. അങ്ങനെയെങ്കിൽ ഇപ്പോഴത്തെ സ്ഥിതിക്ക് മാറ്റം വരുമെന്നാണ് കുട്ടന്റെ പ്രതീക്ഷ. സ്ഥാപനം പൂട്ടിയതോടെ പലരും ഫോണിൽ വിളിച്ച് സംശയം ചോദിക്കാറുണ്ട്. മൂന്നുമാസത്തിലധികമായി വർക്ക് ഔട്ട് ഇല്ലാത്തതിനാൽ പലരുടെയും മസിലുകളിൽ കൊഴുപ്പ് കൂടി വീർത്തുവരാനും മസിലയഞ്ഞ് മെലിയാനും സാദ്ധ്യതയുണ്ട്. അതിനാൽ വീടുകളിൽ ചെറിയ രീതിയിൽ എല്ലാവരും വർക്ക് ഒൗട്ട് ചെയ്യണമെന്നാണ് കുട്ടന്റെ ഉപദേശം.
വലിയ വെല്ലുവിളി
70 വിദ്യാർത്ഥികളുണ്ട് ജിമ്മിൽ. ഇളവ് ലഭിച്ച് സ്ഥാപനം തുറന്നാലും എല്ലാവരും വരുമെന്ന് കരുതുന്നില്ല. ഒരാൾ ഉപയോഗിച്ച ഫിറ്റ്നസ് സാമഗ്രികൾ മറ്റൊരാൾ ഉപയോഗിക്കുന്നതിനാൽ പലരും വരാൻ മടിക്കും. കൂടാതെ ഫിറ്റ്നസ് നിലനിറുത്തുന്നതിനാൽ ഇവർക്ക് രോഗലക്ഷണം പ്രകടമാകണമെന്നുമില്ല. ഇത് വലിയ വെല്ലുവിളിയാണ്. ലോക്ക് ഡൗൺ നീങ്ങിയാലും പ്രതിസന്ധി മറികടക്കാൻ മാസങ്ങളെടുക്കും.
-കെ.കുട്ടൻ