പാലക്കാട്: അമൃത് പദ്ധതിയുടെ ഭാഗമായുള്ള അഴുക്കുചാൽ നവീകരണം നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നു. സുൽത്താൻപേട്ട- സ്റ്റേഡിയം റോഡിലെ ഒരുവശമാണ് കഴിഞ്ഞ നാലുദിവസമായി കുഴിച്ചിട്ടിട്ടുള്ളത്. രൂക്ഷമായ ഗതാഗതക്കുരുക്കിന് പുറമേ ഈ ഭാഗത്തെ ചെറുതും വലുതുമായ 50ഓളം വ്യാപാരികളും കാൽനട യാത്രക്കാരും പ്രതിസന്ധിയിലായി.
കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതോടെ നഗരത്തിലേക്ക് കൂടുതൽ ആളുകളെത്തുന്നുണ്ട്. കൂടുതൽ സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയതോടെ റോഡിൽ തലങ്ങും വിലങ്ങും വാഹനങ്ങളാണ്. ഇതോടൊപ്പം അനധികൃത പാർക്കിംഗും കൂടിയാകുമ്പോൾ സുൽത്താൻപേട്ട ജംഗ്ഷൻ കടന്നുകിട്ടാൻ വാഹനങ്ങൾക്ക് അരമണിക്കൂറെങ്കിലും കാത്തുകിടക്കണം. കഴിഞ്ഞ രണ്ടുദിവസമായി പ്രദേശത്ത് പകൽ വലിയ തിരക്കാണനനുഭവപ്പെടുന്നത്. ഗതാഗതം നിയന്ത്രിക്കാൻ രണ്ട് പൊലീസുകാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെങ്കിലും പലപ്പോഴും വാഹന നിര ഇന്ത്യൻ കോഫി ഹൗസും കടന്നുപോകും.
അഴുക്കുചാൽ നിർമ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണും മറ്റും കിടക്കുന്നത് കാൽ നടയാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ്. ഇവിടെത്തെ കടകളിലേക്ക് വരുന്നവർ തോന്നിയ പോലെ വാഹനം പാർക്ക് ചെയ്യുന്നത് ഗതാഗത കുരുക്കിന് ആക്കം കൂട്ടുന്നു. മഴകൂടിയായാൽ പലപ്പോഴും സാമൂഹ്യ അകലമെന്നത് കാറ്റിൽപ്പറക്കുന്നു.
50- 60 മീറ്റർ നീളത്തിലാണ് അഴുക്കുചാലിന് റോഡരിക് പൊളിക്കുന്നത്. ഇപ്പോഴത്തെ പ്രവർത്തനം പൂർത്തിയായാലേ തുടർന്നുള്ള ഭാഗം കുഴിക്കൂ. യാത്രക്കാരുടെയും വ്യാപാരികളുടെയും ബുദ്ധിമുട്ട് പരിഗണിച്ചാണ് ഈ ക്രമീകരണം. കുറഞ്ഞത് മൂന്നാഴ്ചയെടുക്കും ഓരോ ഭാഗത്തെയും പ്രവർത്തി പൂർത്തിയാക്കാൻ.
-സ്മിത, നഗരസഭ എ.ഇ.