പാലക്കാട്: മൂന്ന് വയസുകാരന് ഉൾപ്പെടെ എട്ടുപേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ മലപ്പുറം ജില്ലയിലാണ് ചികിത്സയിലുള്ളത്. 33 പേർ രോഗമുക്തി നേടി. മഞ്ചേരിയിൽ ചികിത്സയിലുള്ള ഏഴു പേരെയും കോഴിക്കോടുള്ള രണ്ടുപേരെയും പാലക്കാട്ടേക്ക് മാറ്റും. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 171 ആകും.
ചെന്നൈയിൽ നിന്നുവന്ന തിരുമിറ്റക്കോട് സ്വദേശിനി (35), മഹാരാഷ്ട്രയിൽ നിന്നെത്തിയ കഞ്ചിക്കോട് സ്വദേശികളായ രണ്ടുപേർ (31സ്ത്രീ, 34 പുരുഷൻ), സൗദിയിൽ നിന്നുള്ള തിരുവേഗപ്പുറ സ്വദേശിയായ മൂന്നുവയസുള്ള ആൺകുട്ടി (ജൂലായ് രണ്ടിന് രോഗം സ്ഥിരീകരിച്ച സ്ത്രീയുടെ മകൻ). ദുബായിൽ നിന്നുള്ള കുലുക്കല്ലൂർ സ്വദേശി (30), ബഹ്‌റനിൽ നിന്നുള്ള വടക്കഞ്ചേരി സ്വദേശി (50), ഖത്തറിൽ നിന്നെത്തിയ കണ്ണമ്പ്ര സ്വദേശി (29) എന്നിവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഒരാൾക്ക് സമ്പർക്കത്തിലൂടെയും രോഗബാധയുണ്ടായി. ആനക്കര കുമ്പിടി സ്വദേശിനിക്ക് (65) മലപ്പുറം ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ സമ്പർക്കത്തിലൂടെയാണ് രോഗബാധ. നിലവിൽ ഇവർ മലപ്പുറം ജില്ലയിൽ ചികിത്സയിലാണ്.
അപകടത്തിൽപ്പെട്ട ലോറിയിലെ സഹായിക്ക് കൊവിഡ്
ഒറ്റപ്പാലം: പാലപ്പുറത്ത് അപകടത്തിൽപ്പെട്ട ലോറിയിലുണ്ടായിരുന്ന സഹായി തമിഴ്‌നാട് വില്ലുപുരം സ്വദേശിയായ 18കാരന് കൊവിഡ്. കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ശനിയാഴ്ചയാണ് രോഗം സ്ഥരീകരിച്ചത്.
ഇതേ തുടർന്ന് ഡ്രൈവറെയും ആശുപത്രിയിലെത്തിച്ച മൂന്നുപേരുൾപ്പടെ എട്ടുപേരെയും നിരീക്ഷണത്തിലാക്കി. എട്ടുപേരെയും കൊവിഡ് പരിശോധനക്ക് വിധേയമാക്കി. ഡ്രൈവറുടെ ഫലം നെഗറ്റീവാണ്. പഴവർഗങ്ങളുമായെത്തിയ ലോറി പാലപ്പുറം ചിനക്കത്തൂർ കാവിന് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.