covid
.

പാലക്കാട്: കൊവിഡ് മൂന്നാംഘട്ട പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കുന്നതിന് പഴുതടച്ച നടപടികളുമായി ജില്ലാ ഭരണകൂടം. തമിഴ്നാട്ടിൽ രോഗബാധ ക്രമാതീതമായി കൂടുന്നത് കൂടി പരിഗണിച്ച് വാർഡ്- പഞ്ചായത്തുതല സമിതികൾ വഴി കർക്കശമായ നടപടിയുമായി പ്രതിരോധ പ്രവർത്തനം ഊർജിതമാക്കും.

നിരീക്ഷണ കമ്മിറ്റി


ക്വാറന്റൈൻ ലംഘനം നിരീക്ഷിക്കാൻ വാർഡംഗം ചെയർമാനും വിവിധ പ്രതിനിധികളും ഉൾപ്പെടുന്ന നിരീക്ഷണ കമ്മിറ്റി ജാഗരൂകരാകും. റെസിഡൻസ് അസോസിയേഷനുണ്ടെങ്കിൽ അവരുടെ പ്രതിനിധി അല്ലെങ്കിൽ രണ്ട് പ്രദേശവാസികൾ, എസ്.ഐ, ചാർജുള്ള തദ്ദേശ സമിതി ഉദ്യോഗസ്ഥൻ, സന്നദ്ധ പ്രവർത്തക പ്രതിനിധി, അംഗൻവാടി വർക്കർ, കുടുംബശ്രീ പ്രതിനിധി, പെൻഷനേഴ്‌സ് യൂണിയൻ പ്രതിനിധി എന്നിവർ അംഗങ്ങളാകും. ഒരംഗം ക്വാറന്റൈൻ വീട് നിത്യം സന്ദർശിക്കും. കമ്മിറ്റിക്ക് മുകളിലായി പഞ്ചായത്ത്- മുനിസിപ്പാലിറ്റി മേൽനോട്ട സമിതിയുണ്ട്.

ശിക്ഷ കനക്കും

മൂന്നാംഘട്ടത്തിൽ ഹോം ക്വാറന്റൈനാണ് പ്രാധാന്യം. ക്വാറന്റൈന് നിർദ്ദേശിച്ച വ്യക്തി വീട്ടിലെ റൂമിൽ തന്നെ കഴിയണം. കുടുംബാംഗങ്ങൾ അത്യാവശ്യത്തിനല്ലാതെ പുറത്തുപോകരുത്. വീട്ടിൽ തീരെ സൗകര്യമില്ലാത്തവർക്ക് മാത്രമാണ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ.

ഇളവ് കൂടുന്നതിന്റെ ഭാഗമായി പുറത്തുനിന്ന് വരുന്നവരുടെ എണ്ണവും വർദ്ധിക്കും. പ്രദേശത്ത് ഇന്നലെ വരെ കാണാത്തയാളെ കണ്ടാൽ പരിശോധനയ്ക്ക് വിധേയമാക്കണം. പലരും നിയമ വിരുദ്ധമായാണ് വരുന്നത്. അവർ ഉദ്യോഗസ്ഥരുടെയോ സർക്കാരിന്റെയോ നിയന്ത്രണത്തിലല്ല. വാർഡുതല മോണിറ്ററിംഗ് കമ്മറ്റിക്ക് ഇവരെ കണ്ടുപിടിക്കാൻ സാധിക്കും. ഉടൻ പൊലീസിനെ വിവരമറിയിക്കുകയും ശിക്ഷാനടപടി സ്വീകരിക്കുകയും വേണം. പാൻഡമിക് ഡിസീസ് ഓർഡിനൻസ് ഭേദഗതിയിലൂടെ 10,000 രൂപ പിഴയും രണ്ടുവർഷം തടവും ശിക്ഷ ലഭിക്കും.


സൗകര്യം സജ്ജം

ജില്ലാ ആശുപത്രി നിലവിൽ കൊവിഡ് ആശുപത്രിയായാണ്. ഐ.സി യൂണിറ്റും വെന്റിലേറ്റർ സൗകര്യവുമുണ്ട്. 40 വെന്റിലേറ്ററുകൾക്ക് കൂടി അനുമതി നൽകിയിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യം കണക്കിലെടുത്ത് മെഡി.കോളേജിനെ കൊവിഡ് ഒ.പി.യും ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് കേന്ദ്രവുമാക്കി. പി.സി.ആർ ടെസ്റ്റ് സൗകര്യവുമുണ്ട്. മാങ്ങോട് മെഡിക്കൽ കോളേജും ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് കേന്ദ്രമാക്കും. അഡ്മിഷനും ഐ.സി.യു, വെന്റിലേറ്റർ സൗകര്യവും ഇവിടെയുമൊരുക്കും. സൗകര്യം തികയാതെ വന്നാൽ കഞ്ചിക്കോട് കിൻഫ്ര പാർക്കിലും 1000 ബെഡ് ഒരുക്കും. സമൂഹ വ്യാപന സാഹചര്യം മുൻകൂട്ടി കണ്ടാണിത്. ഏകോപനത്തിന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ ഡോ.ജഗദീശനെ ചുമതലപ്പെടുത്തി. 500 സ്റ്റാഫിനെയും നിയമിക്കും.

അട്ടപ്പാടിയിൽ ശ്രദ്ധ

തമിഴ്‌നാടിനോട് ചേർന്നുളള അട്ടപ്പാടി ഭാഗത്ത് കൂടുതൽ ശ്രദ്ധ ചെലുത്തും. ആനക്കട്ടിയിലൂടെ നിരവധി ആളുകൾ വീടുകളിലേക്ക് മടങ്ങി വരുന്നുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ ഇരിക്കാൻ സാധിക്കാത്തവർക്ക് പഞ്ചായത്ത് സൗകര്യമൊരുക്കും. ഊരുകളിൽ പുറത്തുനിന്ന് ആരും വരുന്നില്ലെന്ന് ഉറപ്പുവരുത്തും. ഊടുവഴികളിലൂടെ മദ്യപിക്കാനും മറ്റാവശ്യങ്ങൾക്കും തമിഴ്‌നാട്ടിലേക്ക് ആളുകൾ പോകുന്നത് തടയാൻ പൊലീസ് നിരീക്ഷണം ശക്തമാക്കും.