village-office
മംഗലംഡാം വില്ലേജ് ഓഫീസ് കെട്ടിടം

വടക്കഞ്ചേരി: സ്ഥല പരിമിതിയിൽ വീർപ്പുമുട്ടുകയാണ് മംഗലംഡാം വില്ലേജ് ഓഫീസ്. 35 വർഷം മുമ്പ് മംഗലംഡാം​​- പൊൻകണ്ടം റോഡരികിൽ നിർമ്മിച്ച കെട്ടിടം ജീർണ്ണാവസ്ഥയിലാണ്. ചോർച്ചയുള്ളതിനാൽ അകത്തും കുടപിടിച്ച് ജോലിയെടുക്കേണ്ട അവസ്ഥയിലാണ് ജീവനക്കാർ. നല്ലൊരു കാറ്റും മഴയും വന്നാൽ ഓഫീസിനകം മുഴുവൻ വെള്ളപ്രളയമാകും.

വണ്ടാഴി പഞ്ചായത്തിലെ മലയോര മേഖല ഉൾപ്പടുന്ന 12, 13, 14 വാർഡുകളും പതിനൊന്നാം വാർഡിന്റെ പകുതിയിലധികവും മംഗലംഡാം വില്ലേജ് പരിധിയിലാണ്. ഓഫീസ് സ്ഥിതി ചെയ്യുന്നത് റോഡിലെ കയറ്റത്തിലായതിനാൽ പ്രായമായവർക്കും മറ്റും വലിയ പ്രയാസമാണ് ഇവിടെയെത്തിച്ചേരാൻ. കൂടാതെ പത്തിലധികം പേർ ഒരേ സമയം ഓഫീസിലെത്തിയാൽ മഴകൊള്ളാതെ നിൽക്കാനിടമില്ല.

വില്ലേജ് ഓഫീസ് സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നാവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിട നിർമ്മാണത്തിന് 44 ലക്ഷം അനുവദിച്ചിട്ടുണ്ട്. പദ്ധതി നടത്തിപ്പ് ചുമതലയുള്ള നിർമ്മിതി പ്രതിനിധികൾ സ്ഥലം സന്ദർശിച്ച് ഇവിടെ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കാൻ കഴിയില്ലെന്ന് അറിയിച്ചു. മറ്റൊരു സ്ഥലം കണ്ടെത്തിയാലെ പദ്ധതി നടപ്പിലാകു.

രണ്ടുവർഷം മുമ്പ് മംഗലംഡാം ടൗണിനോട് ചേർന്ന് ഉദ്യാന കവാടത്തിന് സമീപം ഇറിഗേഷന്റെ അധീനതയിലുള്ള സ്ഥലം ആവശ്യപ്പെട്ടിരുന്നെങ്കിലും നടപ്പായില്ല. നിലവിലെ സാഹചര്യത്തിൽ വീണ്ടും ഈ ആവശ്യവുമായി അവരെ സമീപിക്കാൻ ശുപാർശ ചെയ്തിരിക്കുകയാണ് റവന്യൂ വകുപ്പ്. നഗരത്തിനോട് ചേർന്നുള്ള സ്ഥലത്തേക്ക് വില്ലേജ് ഓഫീസ് മാറ്റുന്നത് പൊതുജനങ്ങൾക്കും ഏറെ സൗകര്യപ്രദമാകും.