കൊല്ലങ്കോട്: വന്യജീവികളോടും കാലാവസ്ഥാ വ്യതിയാനത്തോടും കൊവിഡ് പ്രതിസന്ധിയോടുമെല്ലാം പടപൊരുതി കൃഷിയിറക്കിയ പനങ്ങാട്ടിരിയെന്ന പച്ചക്കറി ഗ്രാമത്തിലെ കർഷകർക്ക് ഇപാവശ്യവും ബാക്കിയായത് നഷ്ടക്കണക്ക് മാത്രം.
പാവൽ, പടവലം, വെണ്ട, പയർ തുടങ്ങിയവയാണ് പ്രധാന കൃഷി. മലയോര മേഖലയോട് ചേർന്ന് സ്വന്തമായും പാട്ടത്തിനെടുത്തുമുള്ള മണ്ണിൽ കഠിനദ്ധ്വാനത്തിൽ വിളയിച്ചെടുത്ത പച്ചക്കറി, മാർക്കറ്റുകളിലെത്തുമ്പോൾ തുച്ഛമായ വില മാത്രമാണ് ലഭിക്കുന്നത്. ഇത് കൂലി പോയിട്ട് വണ്ടിക്കൂലിക്ക് പോലും തികയില്ല.
കൊവിഡ് വ്യാപനം മൂലം പ്രധാന വിപണന കേന്ദ്രങ്ങളിൽ വില്പനയില്ലാത്തതും പ്രതിസന്ധി കൂട്ടുന്നു. അത്യുല്പാദന ശേഷിയുള്ള മായ എന്നയിനം പാവൽ മികച്ച വിളവ് ലഭിച്ചെങ്കിലും 15-20 രൂപയാണ് കിലോയ്ക്ക് ലഭിക്കുന്നത്. നേരത്തെ 30-40 രൂപ ലഭിച്ച സ്ഥാനത്താണീ ദുരവസ്ഥ. മഴ കനത്തതോടെ ഇല ചീയൽ, പന്തൽ വീഴൽ തുടങ്ങിയ പ്രതിസന്ധിയും കർഷകർ നേരിടണം. ബാങ്ക് വായ്പയെടുത്തും സ്വർണ്ണാഭരണം പണയപ്പെടുത്തിയുമാണ് പലപ്പോഴും വിളവിറക്കുന്നത്.
പച്ചക്കറി കൃഷിയിൽ ഇത്തവണ മികച്ച വിളവ് ലഭിച്ചു. പാവലാണ് കൂടുതൽ ലഭിച്ചത്. കീടശല്യം തുടങ്ങിയവയൊന്നും അധികം ബാധിച്ചില്ല. പക്ഷേ, പൊതുവിപണിയിലെ വിലക്കുറവ് എല്ലാ പ്രതീക്ഷയും തെറ്റിച്ചു.
-ശിവകുമാർ, കർഷകൻ, നാരാങ്ങാകളം, പനങ്ങാട്ടിരി.