പാലക്കാട്: ഭർത്താവുമായുള്ള സൗന്ദര്യപ്പിണക്കത്തെ തുടർന്ന് യാക്കര പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച സ്ത്രീയെ യുവാവും അഗ്നിശമന സേനയും ചേർന്ന് രക്ഷപ്പെടുത്തി.
കൊടുവായൂർ കരുവണ്ണൂർത്തറ വാണിയപറമ്പ് ഭാഗ്യോദയത്തിൽ ഉദയശങ്കറിന്റെ ഭാര്യ ഹേമ (45) ആണ് ഇന്നലെ രാവിലെ പത്തരയോടെ ആത്മഹത്യക്ക് ശ്രമിച്ചത്. ഓട്ടോയിൽ വന്ന ഇവർ യാക്കര പാലത്തിന് സമീപം എത്തിയപ്പോൾ പുഴയിൽ പൂജാകർമം നടത്തണമെന്ന് പറഞ്ഞ് ഇറങ്ങി. തുടർന്ന് ഓട്ടോ മടക്കി അയച്ച് പുഴയിൽ ചാടി.
ഈ സമയം ഇതുവഴി ബൈക്കിൽ വന്ന കാക്കയൂർ സ്വദേശി വിനു (24) പുഴയിൽ ചാടി ഹേമയെ പാലത്തിന്റെ തൂണിനരികിലേക്കെത്തിച്ചു.
വിവരമറിഞ്ഞെത്തിയ പാലക്കാട് അഗ്നിശമന സേനയിലെ പ്രശാന്ത് ഇറങ്ങി തൂണിൽ അവശയായി കിടന്ന ഹേമയെ വല ഉപയോഗിച്ച് മുകളിലെത്തിച്ചു. തുടർന്ന് പൊലീസ് ജീപ്പിൽ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സീനിയർ ഫയർ ആന്റ് റസ്‌ക്യൂ ഓഫീസർ എ.നൗഷാദ്, സതീഷ്, രാകേഷ്, അനിൽകുമാർ, ഷിബു, സജീവ് കുമാർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.