അഗളി: അട്ടപ്പാടിക്കാരുടെ സ്വപനമായ ചിറ്റൂർ ഡാം പദ്ധതിക്ക് (അട്ടപ്പാടി വാലി ഇറിഗേഷൻ പദ്ധതി- എ.വി.ഐ.പി.) സംസ്ഥാന സർക്കാർ ഡി.പി.ആർ തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിച്ച നടപടിയിൽ ഏറെ പ്രതീക്ഷയാണ് ഊരുനിവാസികൾക്ക്.
1970ലാണ് പദ്ധതിയുടെ തുടക്കം. 76ൽ പ്രാരംഭ പ്രവർത്തനത്തിന് 80 ലക്ഷവും 81ൽ 543 കോടിയുടെ ഭരണാനുമതിയും ലഭിച്ചു. സർവേയിൽ 305 ഹെക്ടർ സ്വകാര്യഭൂമിയും 76 ഹെക്ടർ വനഭൂമിയും ആവശ്യമുണ്ടെന്ന് കണ്ടെത്തി. 203.92 ഹെക്ടർ സ്വകാര്യഭൂമിയും 13.78 ഹെക്ടർ വനവും ഏറ്റെടുത്തു. കെട്ടിടങ്ങൾ നിർമ്മിക്കുകയും ഡാമിന്റെ അടിത്തറ ഭാഗികമായും ഒരു ഭാഗത്തെ കനാലും നിർമ്മിച്ചു. അന്തർ സംസ്ഥാന നദീജല തർക്കവും ഫണ്ടിന്റെ ലഭ്യതക്കുറവും കാരണം 1984ൽ പദ്ധതി നിലച്ചു.
2011ൽ കാവേരി ട്രിബ്യൂണലിൽ അനുവദിച്ച വെള്ളം ഉപയോഗിക്കുന്നതിന് സർക്കാർ തീരുമാനിച്ചതോടെ 2012ൽ വീണ്ടും ജീവൻ വച്ചു. അഗളി, പുതൂർ, ഷോളയൂർ പഞ്ചായത്തുകളിലെ 4255 ഹെക്ടറിൽ ജലസേചന സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം.
പദ്ധതി നടപ്പായാൽ
അന്യമാകുന്ന തനത് കാർഷിക സംസ്‌കൃതി തിരികെപ്പിടിക്കാം.
കിഴക്കൻ അട്ടപ്പാടിയുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം.
വർഷത്തിൽ 2-3 തവണ കൃഷി ഇറക്കാം.
8739 ഹെക്ടർ വിള സമ്പുഷ്ടമാക്കാം.
ഫാം ടൂറിസത്തിനും ഗുണകരം.
പൊന്ന് വിളയും
നിലവിൽ ജലസേചന സൗകര്യമില്ലാതെ ആയിരക്കണക്കിന് ഹെക്ടർ തരിശായി കിടക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും ആദിവാസി വിഭാഗത്തിന്റേതാണ്. ഈ ഭൂമികളിൽ ജലസേചന സൗകര്യമൊരുക്കുന്നതിനും പദ്ധതി വഴി സാധിക്കും.
സുരക്ഷ
ഡാം കാച്ച്‌മെന്റ് ഏരിയയിലെ കട്ടേക്കാട് ഊരിന്റെയും കനാൽ കടന്നുപോകുന്ന ചുണ്ടകുളം, വെങ്കക്കടവ് ഊരുകളുടെയും സുരക്ഷ ഗൗരവമായി കാണണം.