orchid

പാലക്കാട്: വീട്ടിൽ ഒറ്റയ്ക്കാവുന്നതിന്റെ വിരസത മാറ്റാൻ ഓർക്കിഡിനെ സ്നേഹിച്ച വീട്ടമ്മയ്ക്ക് ആ പൂച്ചെടികൾ ഇപ്പോൾ തിരികെ നൽകുന്നത് മാസം മൂന്ന് ലക്ഷം രൂപ വരെ ! കൊഴിഞ്ഞാമ്പാറ പഴണിയാർപാളയത്തെ സാബിറ മുഹമ്മദ് മൂസയാണ് അപൂർവ ഓർക്കിഡുകളുടെ തോഴിയായത്. പേൾ ഓർക്കിഡ് എന്ന ഫേസ്ബുക്ക് പേജിലൂടെയും വാട്സ് ആപ്പിലൂടെയും ഓർഡർ ചെയ്യുന്നവർക്ക് കൊറിയറിലും എത്തിച്ചുകൊടുക്കും.

20 വർഷമായി സാബിറ ഓർക്കിഡുകളെ സ്നേഹിച്ചുതുടങ്ങിയിട്ട്. ഭർത്താവ് മുഹമ്മദ്‌മൂസ ജോലിക്കും മകൻ സിബിൻ സ്കൂളിലും പോകുമ്പോൾ ബോറടി മാറ്രാനാണ് തൃശൂർ പെരിഞ്ഞനത്തെ വീട്ടിൽ പൂന്തോട്ടമൊരുക്കിയത്. തുടർന്ന് വീട്ടുവളപ്പ് ഓർക്കിഡ് ഫാം ആക്കി. ബിസിനസുകാരനായ മുഹമ്മദ് മൂസയും മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരിയായ സിബിനും പിന്തുണ നൽകി. മൂന്ന് വർഷം മുമ്പാണ്‌ കൊഴിഞ്ഞാമ്പാറയിലെ കൃഷിഭൂമിയിൽ പേൾ ഓർക്കിഡ് ഫാം തുടങ്ങി സാബിറയും മുഹമ്മദ്മൂസയും അവിടെ താമസമായത്. ഒരേക്കറിൽ രണ്ട് ഹരിതഗൃഹങ്ങളിലാണ് 53കാരിയായ സാബിറയുടെ ഓർക്കിഡ് കൃഷി. ചട്ടികളിൽ കരി, ഓടിന്റെ കഷണം, ചകിരി എന്നിവ നിരത്തിയാണ് ചെടിനടുന്നത്. ചട്ടിക്കു പകരം തൊണ്ടിന്റെ കഷണം, മരക്കൊമ്പ്, നെറ്റ് കോൺ എന്നിവയും ഉപയോഗിക്കുന്നു. 2006 ൽ സംസ്ഥാന സർക്കാരിന്റെ പുഷ്പ കർഷകയ്ക്കുള്ള ഉദ്യാനശ്രേഷ്ഠ പുരസ്കാരം ലഭിച്ചിരുന്നു. പെരിഞ്ഞനത്തെ ഓർക്കിഡ് കൃഷി നോക്കിനടത്തുന്നത് സിബിനാണ്.

500ൽപ്പരം ഇനങ്ങൾ

ഡെൻഡ്രോബിയം, വാൻഡ, ഫലനോപ്സിസ്, ക്യാറ്റലിയ, മൊക്കാഗ എന്നിങ്ങനെ 500ൽപ്പരം ഇനങ്ങളുണ്ടിവിടെ. തായ്ലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തവയാണ് പലതും. ടിഷ്യു കൾച്ചർ രീതിയിലും ഉത്പാദിപ്പിക്കുന്നുണ്ട്. 250 രൂപ മുതലാണ് വില. 20 ലക്ഷത്തിലധികം രൂപ ചെലവിട്ടാണ് വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി ​ കൊഴിഞ്ഞാമ്പാറയിൽ ഒരുക്കിയത്. ഗ്രീൻ ഹൗസ്, വാട്ടർ സ്‌പ്രേയിംഗ്, ഫാൻ ഘടിപ്പിക്കൽ എന്നിവയുൾപ്പെടെ ചെയ്തു. പരിപാലനത്തിന് മാസം 25,​000 രൂപ ചെലവുവരും.

കൊറിയറിൽ

പായ്ക്ക് ചെയ്തശേഷം പുറത്ത് പെരിഷബിൾ എന്നെഴുതിയാണ് കൊറിയർ ചെയ്യുന്നത്. കേരളത്തിനകത്ത് രണ്ടുദിവസത്തിനുള്ളിലും മറ്റ് സംസ്ഥാനങ്ങളിൽ ഒരാഴ്‌ചയ്‌ക്കുള്ളിലും എത്തും. പായ്ക്ക് ചെയ്യുന്ന ചെടികൾ 10 ദിവസത്തോളം കേടാകാതിരിക്കും. കൊറിയർ ചാർജിനൊപ്പം പായ്‌ക്കിംഗിനും പണം ഈടാക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഓർക്കിഡ്‌ വാങ്ങാറുണ്ട്.