കൂറ്റനാട്: തൃത്താല- കുമ്പിടി റോഡിലെ ചരിത്ര പ്രസിദ്ധമായ കുമ്മട്ടിക്കാവ് സംരക്ഷിക്കുന്നതിന്റെ ഭാഗമായി സുരക്ഷാവേലി നിർമ്മാണമാരംഭിച്ചു. പറയിപെറ്റ പന്തിരുകുലത്തിലെ പാക്കനാർ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ് കുമ്മട്ടിക്കാവെന്നാണ് ഐതിഹ്യം.
കുമ്മട്ടിക്കാവ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പാക്കനാരുടെ പിന്മുറക്കാരായ ഈരാറ്റിങ്ങൽ കോളനി നിവാസികൾ മന്ത്രി എ.കെ.ബാലന് നിവേദനം നൽകിയിരുന്നു. കുമ്മട്ടിക്കാവിലെ അനധികൃത കച്ചവടം ഒഴിപ്പിക്കുക, പാക്കനാർ കാഞ്ഞിരവും അതിനോട് അനുബന്ധിച്ചുള്ള കാവും പരിസരവും സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുക എന്നിവയായിരുന്നു ആവശ്യം.
പാക്കനാർ കാഞ്ഞിരമരം തൃത്താലയുടെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ അടയാളപ്പെടുത്തലാണ്. കോളനി നിവാസികളാണ് ധനസമാഹരണം നടത്തി താൽക്കാലികമായി സുരക്ഷാവേലി നിർമ്മിക്കുന്നത്. സമീപത്തെ ഉപയോഗ ശൂന്യമായ പഴയ ഹോസ്റ്റൽ കെട്ടിടവും മറ്റും നിലവിൽ സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. മാലിന്യം നിക്ഷേപവും പതിവാണ്.
പാക്കനാർ തോറ്റവും മറ്റ് മതപരമായ ചടങ്ങുകളും ഇപ്പോഴും നടക്കുന്ന പന്തിരുകുല ചരിത്രത്തിലെ പ്രസിദ്ധമായ പാക്കനാർ കാഞ്ഞിരമരവും കുമ്മാട്ടിക്കാവും സർക്കാർ സംവിധാനങ്ങളുടെ നേതൃത്വത്തിൽ സംരക്ഷിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.