പാലക്കാട്: മഴ ശക്തമായതോടെ കൃഷിക്ക് ഭീഷണിയായി ആഫ്രിക്കൻ ഒച്ചുകൾ വ്യാപകമാകുന്നു. ആലത്തൂർ, കാവശേരി, തരൂർ, പിരിയാരി തുടങ്ങിയ ഇടങ്ങളിലാണ് ഒച്ചുകളുടെ ആക്രമണമുള്ളത്. ഇവ സസ്യങ്ങൾ, ചെടികൾ, കാർഷിക വിളകൾ എന്നിവയ്ക്ക് ഭീഷണിയായതിനാൽ കർഷകർ ജാഗ്രത പുലർത്തണമെന്ന് പട്ടാമ്പി കാർഷിക ഗവേഷണ കേന്ദ്രം അധികൃതർ മുന്നറിയിപ്പ് നൽകി.
നെൽകൃഷിക്കും പച്ചക്കറിക്കും ഇവ നാശം വിതയ്ക്കും. വേനലിൽ സുഷുപ്താവസ്ഥയിൽ പ്രവേശിക്കുന്ന ഒച്ചുകൾ, അനുയോജ്യ കാലാവസ്ഥയായ മഴക്കാലം വന്നെത്തുന്നതോടെ പ്രവർത്തന ക്ഷമമാവുകയും കാർഷിക വിളകളെ ആക്രമിക്കുകയും ചെയ്യും. രാത്രി വയലുകളിലെ വിള തിന്നുനശിപ്പിക്കുംം. വീടുകളുടെ ഭിത്തികൾ, മതിലുകൾ എന്നിവയിൽ കൂട്ടം കൂടുന്നത് ജനങ്ങൾക്കും ബുദ്ധിമുട്ടാകുന്നു.
പ്രത്യേകത
അചാറ്റീന ഫ്യൂലിക്‌സ് എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ആഫ്രിക്കൻ ഒച്ചുകൾ 500ൽ പരം വിവിധ ഇനം സസ്യങ്ങളെ നശിപ്പിക്കും.
പൂർണ വളർച്ചയെത്തിയവക്ക് 20 സെ.മീ നീളവും 200-300 ഗ്രാം തൂക്കവുമുണ്ട്.
ഒരു വർഷം പ്രായമായ ഒച്ചുകൾ 200-500 വരെ മഞ്ഞ നിറത്തിലുള്ള മുട്ട മണ്ണിൽ നിക്ഷേപിക്കും.
ഇവ ഒരാഴ്ച കൊണ്ട് വിരിഞ്ഞ് ഒരു വർഷത്തിനുള്ളിൽ പ്രത്യുല്പാദന ശേഷി കൈവരിക്കും.
അഞ്ചുമുതൽ ഏഴുവർഷം വരെയാണ് ആയുർദൈർഘ്യം.
വ്യാപനം തടയാൻ
ഒച്ചുകളുടെ വ്യാപനം തടയുന്നതിന് പത്ത് ഗ്രാം തുരിശ് അല്ലെങ്കിൽ ആറ് ഗ്രാം കോപ്പർ ഓക്‌സി ക്ലോറൈഡ് എന്ന കുമിൾ നാശിനി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലയിപ്പിച്ച് കൃഷിയിടത്തിന് ചുറ്റും മണ്ണിൽ തളിക്കുക.
വിളകളിൽ ആക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിൽ രണ്ട് ഗ്രാം കോപ്പർ ഓക്‌സിക്ലോറൈഡ് അല്ലെങ്കിൽ മൂന്ന് ഗ്രാം തുരിശ് ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലയിപ്പിച്ച് ചെടികളിൽ തളിക്കുക.
ഭിത്തിയിലും വീട്ടുപരിസരത്തും മറ്റും വകാണുന്ന ഒച്ചുകളെ നശിപ്പിക്കുന്നതിന് 60 ഗ്രാം തുരിശ് ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലയിപ്പിച്ച് തളിക്കുക.