52 വാർഡുകളിലായി തകരാറിലായത് 3000 വിളക്കുകൾ
പാലക്കാട്: തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതിനെ തുടർന്ന് നഗരം ഇരുട്ടിലായിട്ട് എട്ടുമാസം. മഴക്കാലം കൂടി ആയതോടെ നഗരത്തിലെ രാത്രിയാത്ര ദുരിതമായി. ഒഴിഞ്ഞ പ്രദേശങ്ങളിൽ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്.
വൈകിട്ട് ആറുകഴിഞ്ഞാൽ കാൽനട യാത്ര ഭീതിയിലാണ്. മൊബൈൽ ടോർച്ചും വാഹനങ്ങളുടെ വെളിച്ചവുമാണ് യാത്രക്കാർക്ക് ഏക ആശ്രയം. മഴയായാൽ റോഡുകളിലെ കുഴികൾ വെള്ളം നിറഞ്ഞ് കാണാനാകില്ല. ഇത് വാഹന-കാൽനട യാത്രക്കാരെ ഒരുപോലെ ദുരിതത്തിലാക്കുന്നു.
ഇരുചക്ര വാഹനങ്ങൾക്കാണ് കുഴികൾ കൂടുതൽ അപകടക്കെണിയാകുന്നത്. ഒലവക്കോട്, കെ.എസ്.ആർ.ടി.സി പരിസരം, റോബിൻസൺ റോഡ്, വെണ്ണക്കര, ടൗൺ റെയിൽവേ സ്‌റ്റേഷൻ മേൽപ്പാലം, മാട്ടുമന്ത എന്നിവിടങ്ങളിലെല്ലാം കൂരിരുട്ടാണ്.
നഗരത്തിലെ 52 വാർഡുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ആകെയുള്ള 5200 തെരുവുവിളക്കുകളിൽ 3000 എണ്ണവും തകരാറിലാണ്. ഓരോ വാർഡിലെയും ശരാശരി 50 വിളിക്കെങ്കിലും കേടാണ്.
പ്രവർത്തനം മന്ദഗതിയിൽ
അറ്റകുറ്റപ്പണിക്ക് കരാറുകാരെ കിട്ടാത്തതാണ് പ്രധാന പ്രശ്‌നം.
നിരന്തരമായ പരാതിയെ തുടർന്ന് കൗൺസിലിൽ ചർച്ചയായതോടെ പുതിയ കരാറുകാരനെ ഏർപ്പെടുത്തി.
മൂന്നുദിവസം മുമ്പ് പ്രവർത്തനം ആരംഭിച്ചെങ്കിലും മഴയായതിനാൽ അറ്റകുറ്റപ്പണി മന്ദഗതിയിലാണ്.
രണ്ട് തൊഴിലാളികൾ അടങ്ങുന്ന അഞ്ച് യൂണിറ്റുകളായാണ് പ്രവർത്തനം.
ഒന്നുമുതൽ 11 വരെ വാർഡിലാണ് ഇപ്പോൾ പണി നടക്കുന്നത്.
ഒരു വാർഡിലെ പ്രവർത്തനം പൂർത്തിയാകാൻ മിനിമം രണ്ട് ദിവസമെങ്കിലും വേണം. കാലാവസ്ഥ അനുകൂലമെങ്കിൽ മാത്രമേ പണി വേഗത്തിൽ പൂർത്തീകരിക്കാനാകൂ.
-അബ്ദുൾ ഷുക്കൂർ, പൊതുമരാമത്ത് സ്ഥിരസമിതി അദ്ധ്യക്ഷൻ, നഗരസഭ.