infant-death

ആലപ്പുഴ ജില്ലയോളം വലുപ്പമുള്ള അട്ടപ്പാടി സംസ്ഥാനത്തെ പ്രധാനപ്പെട്ട ആദിവാസി മേഖലകളിലൊന്നാണ്. 2013ന് ശേഷം അട്ടപ്പാടിയിൽ നിന്നുള്ള ശിശുമരണങ്ങൾ വീണ്ടും വാർത്താ തലക്കെട്ടുകളാകുന്നത് ഏറെ ഭയപ്പെടുത്തുന്നുണ്ട്. ഈ വർഷം ഇതുവരെ ഏഴ് നവജാത ശിശുക്കളാണ് അട്ടപ്പാടിയിൽ മരിച്ചത്. കുട്ടപ്പൻ കോളനിയിലെ രജിതയുടെയും രഞ്ജിത്തിന്റെയും കുഞ്ഞാണ് അവസാനം മരിച്ചത്. ജനന സമയത്ത് കുട്ടിക്ക് 1.60 കിലോയായിരുന്നു ഭാരം.

'പോഷകാഹാരക്കുറവ്' എന്ന പേരിൽ ശിശുമരണങ്ങൾ സർക്കാർ ഫയലുകളിൽ രേഖപ്പെടുത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇതിന് ഇപ്പോഴും കുറവില്ല, ഔദ്യോഗിക രേഖകൾ പ്രകാരം ഈ വർഷം ഇതുവരെ ഏഴ് കുഞ്ഞുങ്ങളാണ് മരിച്ചത്. കഴിഞ്ഞ രണ്ടരവർഷത്തിനിടെ മാത്രം 32 കുട്ടികളും. മരണം വിവിധ രീതിയിൽ വിഭജിച്ചാണ് രേഖകളിൽ കാണിക്കുന്നത്. ഗർഭം അലസൽ, ചാപിള്ള, ഗർഭസ്ഥ ശിശുമരണം, ശിശുമരണം എന്നിങ്ങനെയാണവ. എല്ലാ മരണങ്ങളും ചേർത്തുവച്ചാൽ മരണസംഖ്യ ഇനിയും കൂടുമെന്ന് ആദിവാസി സംഘടനകൾ വാദിക്കുന്നു.

ഷോളയൂർ, പുതൂർ, അഗളി പഞ്ചായത്തുകൾ ഉൾപ്പെടുന്ന അട്ടപ്പാടിയിൽ ഏകദേശം 30,000 ത്തോളം ആദിവാസികളാണുള്ളത്. ഇരുള, മുഡുക, പ്രാക്‌ത‌നആദിവാസി വിഭാഗമായ കുറുമ്പ സമുദായങ്ങളിലുള്ളവർ. 2013ൽ 31 മരണങ്ങൾ ഔദ്യോഗിക കണക്കിലും അറുപതോളം മരണങ്ങൾ അനൗദ്യോഗികമായും രേഖപ്പെടുത്തിയതിന് ശേഷമാണ് അട്ടപ്പാടിയിലേക്ക് കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ കോടികൾ ഒഴുകിയത്. എന്നിട്ടും അട്ടപ്പാടിയിൽ നിന്ന് ഇപ്പോഴും ശിശുമരണങ്ങളുടെ വാർത്തകൾ വരുന്നത് എന്തുകൊണ്ട്, എവിടെയാണ് പിഴച്ചത് എന്നുള്ള വിലയിരുത്തലുകൾ ആവശ്യമാണ്.

കോടികളെത്തിയതോടെ അവിടവിടെ അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചു. പലയിടത്തും പുതിയ ജീവനക്കാരെയും നിയമിച്ചു. എന്നാൽ, ശിശുമരണങ്ങൾക്ക് മാത്രം കുറവുണ്ടായില്ല. 2013ൽ 77 ഗർഭം അലസലും 18 ഗർഭസ്ഥ ശിശുമരണവും രേഖകളിലുണ്ട്. തുടർ വർഷങ്ങളിലും അട്ടപ്പാടിയിൽ ആദിവാസി കുഞ്ഞുങ്ങൾ മരിച്ചു. 2017ൽ 14 ശിശുമരണവും ഏഴ് ഗർഭസ്ഥ ശിശുമരണവും 24 ഗർഭം അലസലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2018ൽ 15 ശിശുമരണങ്ങളും അഞ്ച് ഗർഭസ്ഥ ശിശുമരണവും 29 അബോർഷൻ കേസുകളും അട്ടപ്പാടിയിൽ നടന്നു. 2019ൽ ആകെ 10 ശിശുമരണം.

കമ്മ്യൂണിറ്റി കിച്ചനുകൾ

അടഞ്ഞുകിടക്കുന്നു

രണ്ടുവർഷം മുമ്പ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള തെളിവെടുപ്പിനിടെ സമൂഹ അടുക്കളകളെക്കുറിച്ച് ആദിവാസികൾ കമ്മിഷന് പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എൻ.ജി.ഒകൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. ഇതുകൊണ്ട് ആദിവാസികൾക്ക് പ്രയോജനമല്ല മറിച്ച് ദോഷമാണ് ചെയ്യുന്നത് എന്നും കണ്ടെത്തിയിരുന്നു.

ശിശുമരണങ്ങൾ ദേശീയതലത്തിൽ ചർച്ചയായതിന്റെ പശ്ചാത്തലത്തിലാണ് അട്ടപ്പാടി സമഗ്രവികസന പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി കിച്ചൻ പദ്ധതി ആരംഭിച്ചത്. കുട്ടികളിലെ പോഷകാഹാര പ്രശ്‌നം പരിഹരിക്കുകയായിരുന്നു പദ്ധതി ലക്ഷ്യം. പിന്നീട് ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, അറുപത് വയസിന് മുകളിൽ പ്രായമായവർ, എന്നിവരേയും പദ്ധതിയുടെ ഭാഗമാക്കി. കുടുംബശ്രീയും ഊരു സമിതികളുമാണ് പദ്ധതിയുടെ നടത്തിപ്പുകാർ. 189 ഊരുകളിലായി 193 സമൂഹ അടുക്കളയാണ് ആരംഭിച്ചത്. ഇപ്പോഴത് പലതും നിർജീവമാണ്. മാസങ്ങളായി തുറന്ന് പ്രവർത്തിച്ചിട്ട്.

നടത്തിപ്പുകാരായ ആദിവാസികൾ ഇപ്പോൾ കടക്കെണിയിലാണ്. പദ്ധതി നടത്തിപ്പിനാവശ്യമായ ഭക്ഷ്യവസ്തുക്കളും വിറകും വാങ്ങിയതിന്റെ പണം പലർക്കും ലഭിച്ചിട്ടില്ല. തരിശുഭൂമി കൃഷിയോഗ്യമാക്കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയാണ് പ്രശ്‌നത്തിന്റെ യഥാർത്ഥ പരിഹാരമെന്ന് ആദിവാസികൾ തന്നെ പറയുന്നു. ട്രൈബൽ കുടുംബശ്രീ പദ്ധതി പാതിവഴിയിലായതും പോഷകാഹാരം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിന് തടസമായെന്നതാണ് യാഥാർത്ഥ്യം.

ആതുര സേവനം സൗകര്യം വിപുലമാക്കണം

മൂന്നു പഞ്ചായത്തിലെ ആദിവാസികൾക്കുവേണ്ടി സ്ഥാപിച്ച കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങളൊരുക്കാൻ അധികൃതർ തയാറാവണം. സ്‌കാനിംഗിനു വേണ്ടി ഗർഭിണികളെ 60 ഓളം കിലോമീറ്റർ ചുറ്റിക്കുന്നത് എത്ര വലിയൊരു നീതികേടാണ്. നിലവിൽ ഗർഭിണികളെ തമിഴ്‌നാട്ടിലേക്കും പെരിന്തൽ മണ്ണയിലേക്കും തൃശൂരിലേക്കുമാണ് റെഫർ ചെയ്യുന്നത്. കൂടുതൽ ഗൈനക്കോളജിസ്റ്റുകളുടെയും വിദഗ്ദ്ധ ഡോക്ടർമാരുടെയും സേവനം ഉറപ്പാക്കേണ്ടതും അത്യാവശ്യമാണ്.

കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിക്ക് പുറമെ 28 സബ്‌സെന്ററുകളും മൂന്ന് പി.എച്ച്.സികളും ഒരു കമ്യൂണിറ്റി ഹെൽത്ത് സെന്ററും അഞ്ച് മൊബൈൽ ക്ലിനിക്കുകളുമുണ്ട്. ആവശ്യമായ ജീവനക്കാരെ നിയമിക്കുകയും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി വികേന്ദ്രീകരിക്കുകയും ചെയ്താൽ ഏറെ ഗുണം ചെയ്യുമെന്നാണ് ആദിവാസി സംഘടനകൾ അഭിപ്രായപ്പെടുന്നത്.

യാത്രാ സൗകര്യമെങ്കിലും

ഉറപ്പാക്കണം

2018 പ്രളയത്തിൽ പുഴയ്ക്ക് കുറുകേ വടംകെട്ടി ഗർഭിണിയെ കരയ്ക്കെത്തിക്കുന്ന ദൃശ്യം ദേശീയ ശ്രദ്ധനേടിയിരുന്നു. അതിനു ശേഷം പൂർണ ഗർഭിണികളായ യുവതികളെ മുളയിൽ തുണികെട്ടി കിലോമീറ്ററുകൾ തോളിൽ ചുമന്ന് ആശുപത്രിയിലെത്തിക്കുന്ന സംഭവങ്ങൾ വേറെയും ഉണ്ടായിരുന്നു. ഗതാഗതം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യം ഇപ്പോഴും അന്യമായ ഊരുകളുണ്ട് എന്നതാണ് യാഥാർത്ഥ്യം. കുറുമ്പ സമുദായക്കാരാണ് ഇതിന്റെ ദുരന്തം ഏറെയനുഭവിക്കുന്നത്. വനംവകുപ്പിന്റെ വാഹനങ്ങൾ മാത്രമാണ് ഇവരുടെ ഏക ആശ്രയം. അതിനുപോലും കിലോമീറ്ററുകൾ നടക്കണം. സബ്‌സെന്ററുകളിലൂടെ വിദഗ്ദ്ധ ചികിത്സകളടക്കം വികേന്ദ്രീകരിക്കാൻ കഴിഞ്ഞാൽ ഇവർക്ക് പ്രയോജനമാകും. ആദിവാസികൾക്കിടയിൽ തന്നെയുള്ള ഉന്നത വിദ്യാഭ്യാസം നേടിയ ആളുകളെ ഇത്തരം ആരോഗ്യസ്ഥാപനങ്ങളിൽ നിയമിച്ചാൽ ഇവർക്കിടയിലുള്ള ഭാഷാപ്രശ്‌നങ്ങളും മറ്റും മറികടക്കാനും സാധിക്കും.

2013ൽ തമ്പ് നടത്തിയ പഠനത്തിലാണ് അട്ടപ്പാടിയിലെ ശിശുമരണം കണ്ടെത്തുന്നതും വാർത്തയാകുന്നതും. പിന്നീടുള്ള വർഷങ്ങളിൽ മരണസംഖ്യ കുറയ്ക്കാൻ കഴിഞ്ഞെങ്കിലും പ്രശ്നം പൂർണമായും പരിഹരിക്കപ്പെട്ടിട്ടില്ല എന്നത് ഏറെ ഗൗരവമുള്ളതാണ്.

ഞങ്ങൾ സർക്കാരിന് മുന്നിലേക്ക് വച്ച നിർദ്ദേശങ്ങളിൽ മരുന്നും ഭക്ഷണവും നൽകുക എന്നതുമാത്രമാണ് ഭാഗികമായെങ്കിലും നടപ്പായിട്ടുള്ളത്. ആദിവാസികളുടെ ഭൂമിപ്രശ്നവും കാർഷിക മേഖലയിലെ ബുദ്ധിമുട്ടുകളും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കൂടാതെ മരണ കാരണങ്ങൾ കൃത്യമായി തെളിയിക്കാൻ ശാസ്ത്രീയ പഠനങ്ങളും ആവശ്യമാണ്.

രാജേന്ദ്രപ്രസാദ്

പ്രസിഡന്റ്,

സെന്റർ ഫോർ ട്രൈബൽ എജ്യുക്കേഷൻ

ഡവലപ്‌മെന്റ് ആന്റ് റിസർച്ച്