ചിറ്റൂർ: കൊവിഡ് വ്യാപനത്തെ തുടർന്ന് പഞ്ചായത്തുകളിൽ നിരീക്ഷണങ്ങളും പ്രതിരോധ പ്രവൃത്തനങ്ങളും കർശനമാക്കി. കൊഴിഞ്ഞാമ്പാറ എട്ടാം വാർഡ് ഹോട്ട് സ്‌പോട്ടിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് പഞ്ചായത്തിൽ യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ തീരുമാനിച്ചു.
ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെ തുറന്ന് പ്രവർത്തിക്കും.
തൊട്ടടുത്തുള്ള നല്ലേപ്പിള്ളി പഞ്ചായത്തിലുള്ളവരും കൊവിഡ് ഭീതിയിലാണ്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പല ഘട്ടങ്ങളിലായി കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മുതൽ ഏഴാം വാർഡ് പാറക്കാൽ ഹോട്ട് സ്‌പോട്ടാണ്. തൊട്ടുള്ള വാർഡുകളിലുള്ളവരും ഭീതിയുടെ നിഴലിലാണ്. ഇതിന് മുമ്പ് ഏരിപ്പറമ്പ്, വടക്കന്തറ, എരട്ടക്കളം തുടങ്ങിയ പ്രദേശങ്ങളിലും രോഗം സ്ഥിരീകരിച്ചിരുന്നു. മൈക്ക് പ്രചരണം അണുനാശിനി പ്രയോഗം തുടങ്ങിയ പ്രതിരോധ പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്.
തൊട്ടടുത്തുള്ള പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകളിലും രോഗബാധ വർദ്ധനവുണ്ട്. പലഘട്ടങ്ങളിലായി ഈ പഞ്ചായത്തുകളിൽനിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച അന്യസംസ്ഥാന തൊഴിലാളികൾ പെരുമാട്ടിയിൽ നിരീക്ഷണത്തിലുള്ളവരായിരുന്നു. പവർ ഗ്രിഡ് പദ്ധതി ടവർ പ്രവൃത്തികൾക്കായി എത്തിയ 41 അന്യസംസ്ഥാന തൊഴിലാളി സംഘാംഗങ്ങൾക്കാണ് രോഗബാധ.
ഇവരെ ജോലി സ്ഥലത്തേക്ക് എത്തിക്കുന്നതും തിരിച്ച് താമസ സ്ഥലത്തേക്ക് കൊണ്ടുപോയതും കൊവിഡ് മാനദണ്ഡം പാലിക്കാതെ വാഹനങ്ങളിൽ കുത്തിനിറച്ചാണെന്ന് പരാതിയുണ്ട്. ഇവർ പോയ വാഹനങ്ങൾ, സമ്പർക്കത്തിലുള്ള ഡ്രൈവർമാർ, കച്ചവടക്കാർ തുടങ്ങിയവരെല്ലാം ഭീതിയിലാണ്. പഞ്ചായത്തും ആരോഗ്യ വകുപ്പും പൊലീസും ആശ പ്രവർത്തകരുമെല്ലാം അക്ഷീണം പ്രവൃത്തിക്കുന്നുണ്ടെങ്കിലും സമൂഹവ്യാപന സാദ്ധ്യത ഇനിയും തള്ളിക്കളയാൻ സാധിക്കില്ലെന്ന നിഗമനത്തിലാണ് അധികൃതർ.