45 ലക്ഷവുമായി രണ്ട് കോയമ്പത്തൂർ സ്വദേശികൾ പിടിയിൽ
പാലക്കാട്: വാളയാർ പൊലീസും ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ തൃശൂരിലേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനിൽ രേഖകളില്ലാതെ കടത്തിയ 45 ലക്ഷവുമായി കോയമ്പത്തൂർ ഈച്ചനാറി ഗംഗാനഗർ മാച്ചകൗണ്ട പാളയം സമ്പത്ത് കുമാർ (46), ചീരത്തോട്ടം ചെമ്മട്ടി കോളനി ബാലമുരുക ഗുരുസാമി (40) എന്നിവരെ അറസ്റ്റ് ചെയ്തു.
പിടിയിലായവർ ഏജന്റമാർ മാത്രമാണെന്ന് സി.ഐ പി.എം.ലിബി പറഞ്ഞു. 500 രൂപയുടെ 62 കെട്ടും 2000 രൂപയുടെ ഏഴുകെട്ടുമാണ് ഉണ്ടായിരുന്നത്. പച്ചക്കറിയെന്ന വ്യാജേനയാണ് പണക്കടത്ത്. പച്ചക്കറിക്ക് പകരം കാലിപ്പെട്ടികളായിരുന്നു. ഇവയ്ക്കിടയിലും വാഹനത്തിന്റെ മുൻവശത്തെ സീറ്റിനടിയിലും പ്രതികളുടെ ഷർട്ടിന്റെ ജാക്കറ്റിനടിയിലുമായാണ് പണം സൂക്ഷിച്ചിരുന്നത്.
പണവും പ്രതികളെയും കോടതിയിൽ ഹാജരാക്കും. ഡിവൈ.എസ്.പി മനോജ് കുമാർ, എ.എസ്.ഐ ജയകുമാർ, വിജയാനന്ദ്, രാജീവ്, ശ്രീരാംദാസ്, ഷിബു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.