nilakadala
മുതലമട ആലയംപാളയം ധർമ്മലിംഗത്തിന്റെ നിലക്കടല കൃഷിയിടത്തിൽ മുതലമട കൃഷി ഓഫീസർ എസ്.എസ്.സുജിത്തും സംഘവും.

പരമ്പരാഗത കൃഷി പുനഃസ്ഥാപിച്ച് മുതലമട കൃഷിഭവൻ

കൊല്ലങ്കോട്: മുതലമടയിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും പരമ്പരാഗത നിലക്കടല കൃഷി വ്യാപകമാകുന്നു. കൃഷിഓഫീസർ എസ്.എസ്.സുജിത്തിന്റെയും സഹപ്രവർത്തകരുടെയും പ്രോത്സാഹനമാണ് കർഷകരെ വീണ്ടും നിലക്കടല കൃഷിയിലേക്ക് നയിച്ചത്.

കാട്ടുപന്നികൾ അടക്കമുള്ള വന്യമൃഗങ്ങളിൽ നിന്നും സംരക്ഷണമൊരുക്കിയാണ് ഗോവിന്ദാപുരം, ആലയംപാളയം, ചെമ്മണാമ്പതി, വെള്ളാരംകടവ് പ്രദേശങ്ങളിൽ മൂന്ന് ഹെക്ടറിൽ കൃഷി വ്യാപിച്ചിരിക്കുന്നത്. നിലക്കടലയ്ക്ക് പരിപാലന ചിലവ് കുറവാണെന്നതിന് പുറമേ മാർക്കറ്റിൽ നല്ല വിലയും ലഭിക്കും. തരിശിട്ട സ്ഥലങ്ങൾ കണ്ടെത്തി കൂടുതൽ പ്രദേശത്ത് കൃഷി വ്യാപിപ്പിക്കാനും ശ്രമം തുടരുകയാണ്.

മണ്ണ് ഗുണം ചെയ്യും

മണൽ കലർന്നതും വെള്ളം വേഗത്തിൽ വാർന്നു പോകുന്നതുമായ മണ്ണാണ് നിലക്കടലയ്ക്ക് അനുയോജ്യം. പാലക്കാടിന്റെ കിഴക്കൻ മേഖലയിലെ പല ഭാഗത്തും ഇത്തരം മണ്ണാണ്. വർഷങ്ങൾക്ക് മുമ്പ് പ്രദേശത്ത് നിലക്കടല കൃഷി വ്യാപകമായിരുന്നു. 1978ൽ തെന്മലയിലുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക കൃഷിനാശം സംഭവിച്ചു. അടിഞ്ഞുകൂടിയ മണ്ണും പാറക്കല്ലുകളും തടസമായതോടെ നിലക്കടല കൃഷി അന്യംനിന്നു.