nila
കാലവർഷത്തിലും ജലനിരപ്പ് ഉയരാത്ത നിള.

ഒറ്റപ്പാലം: കാലവർഷം കനത്തുപെയ്യാത്തതിനാൽ ജലനിരപ്പ് ഉയരാതെ ഭാരതപ്പുഴ. മഴക്കാലം തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും ശക്തമായ മഴയുടെ അഭാവം നിളയടക്കം പ്രധാന ജലാശയങ്ങളിലെ ജലനിരപ്പിനെ ബാധിച്ചു.

തടയണ പ്രദേശങ്ങളിൽ മാത്രമാണ് നിള ഇരുകര മുട്ടുന്നത്. പറളി, മീറ്റ്‌ന, മാന്നനൂർ, ഷൊർണൂർ, ചെങ്ങണാംകുന്ന് എന്നിങ്ങനെ ഏഴ് തടയണ പ്രദേശങ്ങൾ ജലസമൃദ്ധിയിലാണ്. നിലവിൽ മീറ്റ്‌ന, ഷൊർണൂർ തടയണ ഷട്ടറുകൾ തുറന്നിട്ടുണ്ട്. കഴിഞ്ഞ രണ്ട് പ്രളയകാലത്തെ അനുഭവങ്ങളെ മുൻനിറുത്തിയാണിത്.ർ

മാന്നനൂർ തടയണ കഴിഞ്ഞ പ്രളയ സമയത്ത് സംരക്ഷണ ഭിത്തി തകർന്ന് പുഴ ഗതിമാറി ഒഴുകുന്ന നിലയിലാണ്. ഉരുക്ക് തടയണയിൽ ഇതോടെ ജല സംഭരണം സാദ്ധ്യമാവാതെയായി. ഒരു കോടി ചെലവിട്ടാൽ മാത്രമേ തടയണയുടെ സുരക്ഷ ഉറപ്പാക്കാനാവൂ.

പുഴയുടെ മറ്റ് ഭാഗങ്ങൾ ഇതുവരെയും പാതിപോലും നിറയാത്ത അവസ്ഥയിലാണ്. മഴ ലഭ്യത കുറവായതിനാൽ ജൂലായ് രണ്ടാംവാരത്തിലും നിളയ്ക്ക് നിറസമൃദ്ധി കൈവന്നില്ല. തിരുവാതിര ഞാറ്റുവേലയിലെ മഴ ലഭ്യതയിലാണ് പുഴ പാതി നിറഞ്ഞത്. ആഗസ്റ്റിലെ ശക്തമായ മഴയിലാണ് കഴിഞ്ഞ രണ്ട് വർഷങ്ങളിലും നിള കരകയറി തീരത്ത് നാശനഷ്ടമുണ്ടാക്കിയത്.