toody
.

വടക്കഞ്ചേരി: കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ സമൂഹ വ്യാപനത്തിന് വഴിയൊരുക്കുകയാണ് ചില കള്ളുഷാപ്പുകൾ. നിയന്ത്രണം ലംഘിച്ച് ഷാപ്പുകളിൽ ഇരുന്നുള്ള മദ്യപാനം ആരംഭിച്ചത് ഇതിന് വഴിയൊരുക്കുന്നു.

തെന്നിലാപുരം, ആലത്തൂർ, നെന്മാറ, വടക്കഞ്ചേരി, മംഗലംഡാം, മൊടപ്പല്ലൂർ എന്നീ മേഖലകളിലെ ഷാപ്പുകളിലെല്ലാം ആളുകൾ ഇരുന്ന് മദ്യപിക്കുന്നത് പതിവാണ്. നിലവിലെ സാഹചര്യത്തിൽ ഷാപ്പുകളിൽ ഇരുന്ന് മദ്യപിക്കുന്നതിന് വിലക്കുണ്ട്. എന്നാൽ ഇതുലംഘിച്ചാണ് കള്ളുവില്പന. സാമൂഹിക അകലം പാലിച്ച് കുപ്പികളിൽ കള്ളുവാങ്ങി പോകാമെന്നാണ് നിയമം. കൊവിഡ് മുൻകരുതൽ സ്വീകരിക്കണമെന്ന് എക്‌സൈസ് കമ്മിഷണർ നേരത്തെ ഉത്തരവിറക്കിയിരുന്നു.

കൂടാതെ ആഹാര സാധനങ്ങളുടെ വില്പന, സാമൂഹിക അകലം പാലിക്കാതിരിക്കൽ, ശുചിത്വ രീതികൾ പാലിക്കാതിരിക്കൽ എന്നിവയും ഷാപ്പുകളിൽ നടക്കുന്നുണ്ട്. മുഖാവരണം ധരിക്കാതെയാണ് പലരും ഷാപ്പിലെത്തുന്നത്. ജീവനക്കാർ പറഞ്ഞാലും മിക്കവരും കൊവിഡ് മാനദണ്ഡം പാലിക്കുന്നില്ലെന്ന് ഷാപ്പുടമകൾ പറയുന്നു. ഇത്തരം സംഭവം ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആലത്തൂർ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ പറഞ്ഞു.