കൂറ്രനാട്: ശീലക്കുടകളുടെ കടന്നുവരവിനൊപ്പം നാട്ടിൽനിന്ന് പാരമ്പര്യ കൃഷിപ്പണികൾ പതിയെ നാടുനീങ്ങുകയും ചെയ്തപ്പോൾ വിസ്മൃതിയിലാണ്ടുപോയതാണ് തൊപ്പിക്കുടകൾ. ഇന്നിപ്പോൾ കൊവിഡ് കാലത്ത് ആളുകൾ അവനവന്റെ വീടുകളിലേക്കും മണ്ണിലേക്കും തിരിച്ചുനടക്കുമ്പോൾ ഗ്രാമങ്ങളിൽ പഴമയുടെ തലക്കനവുമായി തൊപ്പിക്കുടകളും എത്തുന്നു.
കൊവിഡാനന്തര കാലത്ത് ഭക്ഷ്യക്ഷാമം പരിഹരിക്കാനായി മടങ്ങിയെത്തിയ പ്രവാസികളടക്കം നിരവധിപേർ കാർഷിക രംഗത്തേക്ക് വരുന്നുണ്ട്. ഒപ്പം മഴയും കൂടിയായപ്പോൾ തൊപ്പിക്കുടകളും പലരുടെയും തലയിൽ സ്ഥാനംപിടിച്ചു. എടപ്പാൾ, ചാലിശേരി തുടങ്ങിയ പ്രദേശങ്ങളിലാണ് തൊപ്പിക്കുട വില്പന പൊടിപൊടിക്കുന്നത്. 80 മുതൽ 150 രൂപ വരെ വിലയുണ്ട്.
തൊപ്പിക്കുടയും കുണ്ടുകുടയും
ഒരു കാലത്ത് കാർഷികമേഖലയിൽ പണിയെടുക്കുന്ന മിക്കയാളുകളുടെയും തലയിൽ അലങ്കാരമായിരുന്നു തൊപ്പിക്കുട.
പുരുഷന്മാർ തൊപ്പിക്കുടകളും സ്ത്രീകൾ കുണ്ടുകുടകളുമാണ് അന്നുകാലത്ത് ഉപയോഗിച്ചിരുന്നത്.
കുടപ്പനകളിൽ നിന്നും ഓലപ്പനകളിൽ നിന്നും വെട്ടിയെടുക്കുന്ന ഓല ഉണക്കി, മുളപൊളിച്ച് ചെത്തിമിനുക്കി കെട്ടിയുണ്ടാക്കുന്ന ഫ്രെയിമുകളിൽ പൊതിഞ്ഞുകെട്ടിയാണ് കുട നിർമ്മാണം.
ഇങ്ങനെ നിർമ്മിച്ച കുടകൾ ചന്തകളിലും ഗ്രാമീണ ഭവനങ്ങളിലും കൊണ്ടുപോയി വിറ്റുകിട്ടുന്ന കാശുകൊണ്ടായിരുന്നു ഒരു വിഭാഗം ആളുകൾ ഉപജീവനം നടത്തിയിരുന്നത്.
ചുരുക്കം ചിലർ വാണിജ്യാടിസ്ഥാനത്തിൽ കുട നിർമ്മിച്ച് കച്ചവടക്കാർക്ക് മൊത്തവില്പന നടത്തിയിരുന്നു. ശീലക്കുട വിപണി കീഴടക്കിയതോടെ തൊപ്പിക്കുട ഓർമ്മയായി.
ഇപ്പോൾ വിപണിയിലുള്ള കുടകൾ പനയോലകൾക്ക് പുറമേ വെള്ളം കടക്കാതിരിക്കാൻ പ്ലാസ്റ്റിക് ഷീറ്റും ഉൾപ്പെടുത്തിയാണ് നിർമ്മിക്കുന്നത്.