പാലക്കാട്: കൊവിഡ് ബാധിതരുടെ എണ്ണം ഓരോ ദിവസവും കുതിച്ചുയരുമ്പോൾ ജില്ലയിലെ '108 ആംബുലൻസു"കളുടെ കുറവ് ആരോഗ്യവകുപ്പിനെ ആശങ്കപ്പെടുത്തുന്നു. രോഗികളെയും രോഗലക്ഷണമുള്ളവരെയും ആശുപത്രിയിൽ എത്തിക്കുന്നത് '108 ആംബുലൻസി"ലാണ്. നിലവിൽ 28 ആംബുലൻസുകളാണ് ജില്ലയിലുള്ളത്. പാലക്കാട്- വാളയാർ മേഖലയിൽ മാത്രം 16 എണ്ണമുണ്ട്. ഒറ്റപ്പാലത്തും മണ്ണാർക്കാടും ആറുവീതവും.
ജില്ലയിൽ രോഗം ബാധിച്ച് 244 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 198 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗികളെ വീടുകളിൽ നിന്ന് ആശുപത്രിയിലെത്തിക്കുന്നതും രോഗ ലക്ഷണമുള്ളവരുടെ സ്രവ പരിശോധന നടത്തി തിരികെ വീട്ടിലാക്കുന്നതും 108 ആംബുലൻസിലാണ്. ഒരുസമയം ഒരാളെ മാത്രമേ ചികിത്സക്കായി കൊണ്ടുപോകൂ. സമൂഹവ്യാപന സാദ്ധ്യത കണക്കിലെടുത്ത് കൂടുതൽ പരിശോധന നടത്തുന്നതിനാൽ 108 ആംബുലൻസ് ഡ്രൈവർമാർ വിശ്രമമില്ലാതെ ജോലി ചെയ്യേണ്ട അവസ്ഥയിലാണ്. നിലവിൽ ഒരു ഡ്രൈവർക്ക് പ്രതിദിനം ശരാശരി എട്ടുപേരെ ആശുപത്രിയിൽ എത്തിക്കേണ്ടി വരുന്നുണ്ട്.
വരും ദിവസങ്ങളിലും രോഗികളുടെ എണ്ണം വർദ്ധിക്കുമെന്ന് തന്നെയാണ് അധികൃതരും കണക്കു കൂട്ടുന്നത്. അങ്ങനെയെങ്കിൽ മറ്റ് സ്വകാര്യ- സന്നദ്ധ സംഘടനകളുടെ ആംബുലൻസ് സേവനം തേടേണ്ടി വരും. ഇവർക്ക് ആവശ്യത്തിന് സുരക്ഷാ ക്രമീകരണങ്ങളും പരിശീലനവും നൽകണം. ഇതിന് ഫണ്ടില്ലെന്നതാണ് ജില്ലാ ഭരണകൂടത്തെ അലട്ടുന്ന മറ്റൊരു പ്രശ്നം. കൂടാതെ ആംബുലൻസുകളിൽ നഴ്സിനെയും നിയോഗിക്കണം. കഴിഞ്ഞ ദിവസങ്ങളിൽ സന്നദ്ധ സംഘടനകളുടെ ആംബുലൻസുകളുടെ സേവനം ലഭ്യമായിരുന്നു. ഐ.എം.എയുടെ ആംബുലൻസുകളെ പ്രയോജനപ്പെടുത്തുന്നതും ആരോഗ്യവകുപ്പിന്റെ ആലോചനയിലുണ്ട്.
ജില്ലയിൽ ആകെയുള്ള 108 ആംബുലൻസുകൾ-
28
മേഖല തിരിച്ച്
മണ്ണാർക്കാട്- 6
ഒറ്റപ്പാലം- 6
പാലക്കാട്- 16
ഡ്രൈവർക്ക് പ്രതിമാസ വേതനം ₹16,250
നഴ്സിന് പ്രതിമാസം ലഭിക്കുന്നത് ₹19,370