പാലക്കാട്: കൊവിഡ് കാലത്ത് ന്യായ വിലകിട്ടാതെ കിഴക്കൻ മേഖലയിലെ പച്ചക്കറി കർഷകർ ദുരിതമനുഭവിക്കുമ്പോഴും വർഷങ്ങൾക്ക് മുമ്പ് എരുത്തേമ്പതിയിൽ നിർമ്മിച്ച പഴം- പച്ചക്കറി സംഭരണശാല അടഞ്ഞ് കിടക്കുന്നു. 13 വർഷം മുമ്പ് നിർമ്മാണം പൂർത്തിയാക്കി രണ്ടുതവണ ഒൗദ്യോഗികോദ്ഘാടനവും നടത്തിയ സ്ഥാപനമാണ് കാടുപിടിച്ച് നശിക്കുന്നത്.
ജില്ലയിൽ നെന്മാറ, എലവഞ്ചേരി, ചെർപ്പുളശേരി മേഖലകളെ പോലെ ഏറ്റവും കൂടുതൽ പച്ചക്കറി കൃഷിയുള്ള പ്രദേശമാണ് ചിറ്റൂർ ഉൾപ്പെടുന്ന കിഴക്കൻ മേഖല. എരുത്തേമ്പതി, വടകരപ്പതി, കൊഴിഞ്ഞാമ്പാറ എന്നിവിടങ്ങളിലായി 2500ലധികം പഴം- പച്ചക്കറി കർഷകരുണ്ട്. പ്രദേശത്തെ കർഷകരുടെ വിളകൾ സംഭരിച്ച് മാർക്കറ്റ് വിലയിലെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് വിപണി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശീതീകരിച്ച സംഭരണ കേന്ദ്രം ആരംഭിച്ചത്. ഏകദേശം 2000 ചതുരശ്ര അടിയിലുള്ള സംഭരണ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞതല്ലാതെ നാളിതുവരെ പ്രവർത്തിച്ചിട്ടില്ല. വൈദ്യുതി ബില്ല് അടയ്ക്കാത്തതിനാൽ നിലവിൽ കെ.എസ്.ഇ.ബി കണക്ഷൻ വിച്ഛേദിച്ചിട്ടുണ്ട്.
സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും വി.എഫ്.പി.സി.കെയുമായിരുന്നു കഴിഞ്ഞ കാലങ്ങളിൽ സ്ഥാപനത്തിന്റെ ചുമതല വഹിച്ചിരുന്നത്. ഇപ്പോൾ വി.എഫ്.പി.സി.കെയുടെ അധീനതയിലാണ് കെട്ടിടം. കേന്ദ്രം തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികൾക്ക് കർഷകർ പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ചിറ്റൂർ ബ്ലോക്കിലുൾപ്പെട്ട ഈ പ്രദേശത്തെ കർഷകർ ഇപ്പോൾ തമിഴ്‌നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന റിലയൻസ് മാർക്കറ്റിലാണ് സാധനങ്ങൾ വിൽക്കുന്നത്. ക്വാളിറ്റി കൺട്രോൾ ലാബ് സ്ഥാപിച്ച് ഗ്രേഡിങ്ങും പാക്കിങ്ങും നടത്തിയാൽ വിദേശ വിപണിയിൽ വരെ ഇവിടുത്തെ ഉല്പന്നങ്ങൾ എത്തിക്കാൻ സാധിക്കുമെന്നും കർഷകർ പറയുന്നു.
ലോക്ക് ഡൗണിൽ ലോക്കായി
കൊവിഡ് കാലത്ത് അന്തർ സംസ്ഥാന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതിനാൽ എരുത്തേമ്പതിയിലെ പച്ചക്കറി തോട്ടങ്ങളിലേക്ക് തമിഴ്നാട്ടിൽ നിന്നുള്ള പതിവ് കച്ചവടക്കാർ എത്തിയിരുന്നില്ല. ഇതോടെ വിപണി നഷ്ടമായ കർഷകർ തുച്ഛമായ വിലയ്ക്ക് പ്രാദേശിക കച്ചവടക്കാർക്ക് പച്ചക്കറി വിറ്റു. കൂടാതെ കൊവിഡ് കാലത്ത് പലരും അടുക്കള തോട്ടങ്ങളുമായി സജീവമായതും കർഷകരുടെ വിപണി നഷ്ടമാകാൻ കാരണമായി. തുടർന്ന് ടൺ കണക്കിന് പച്ചക്കറി പാടത്തിട്ട് ഉഴുതുമറിക്കുന്ന അവസ്ഥയുമുണ്ടായി. അടുത്ത വിളവെടുപ്പിന് മുമ്പെങ്കിലും സംഭരണശാല തുറന്നു പ്രവർത്തിക്കാനുള്ള നടപടി സർക്കാർ തലത്തിൽ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.