ചെർപ്പുളശേരി: കരുമാനാംകുറുശി കാളംതൊടിയിൽ ലതയുടെ വീട്ടിലേക്ക് വരുന്നവരെ വരവേൽക്കുന്നത് മുറ്റം നിറയെ വിരിഞ്ഞുനിൽക്കുന്ന പൂക്കളാണ്. ഇത് ലതയുടെ കൃഷിയുടെ ചെറിയൊരു ഭാഗം മാത്രം. 86 ഇനം പൂച്ചെടികളാണ് ലത വീട്ടിൽ കൃഷി ചെയ്യുന്നത്. വീടിന്റെ വിസ്തൃതിയുള്ള മുറ്റത്തും വശങ്ങളിലുമെല്ലാമായാണ് പൂകൃഷി.
രണ്ടുനില വീടിന്റെ ടറസിന് മുകളിലാണ് പച്ചക്കറിത്തോട്ടം. വഴുതന, പയർ, വെണ്ട, മത്തൻ, കുമ്പളം, പടവലം, തക്കാളി, പച്ചമുളക് എന്നിങ്ങനെ നാല്പതോളം ഇനം പച്ചക്കറി ഗ്രോ ബാഗുകളിൽ പരിപാലിക്കുന്നു. വിഷരഹിത പച്ചക്കറി കഴിക്കാമെന്ന ലക്ഷ്യത്തോടെയാണ് ലത കൃഷി ആരംഭിച്ചത്. ഇന്നിപ്പോൾ വീട്ടാവശ്യം കഴിഞ്ഞ് അയൽവാസികൾക്ക് വിൽക്കുന്നുമുണ്ട്. വീട്ടിന് തൊട്ടടുത്തായി ഗപ്പി, പ്രാവ്, താറാവ് വളർത്തൽ, കൂൺ, വിവിധയിനം പഴവർഗ കൃഷി എന്നിവയും നടത്തുന്നു.
ഭർത്താവ് ബാബുരാജും മക്കളായ ശ്വേതയും അശ്വന്തും ഒഴിവ് സമയങ്ങളിൽ ലതയെ സഹായിക്കാൻ കൂടെയുണ്ടാകും. മോശമല്ലാത്ത ഒരു വരുമാനവും ലത കൃഷിയിൽ നിന്നുണ്ടാക്കുന്നു. സ്ഥലമില്ലെന്ന് പറഞ്ഞ് കൃഷിയെ കൈയൊഴിയുന്നവർക്ക് ലത ഒരു മാതൃകയാണ്.