പാലക്കാട്: സ്വർണക്കടത്ത് കേസിൽ കഴിഞ്ഞ ദിവസം രാത്രി ബംഗലൂരിവിൽ അറസ്റ്റിലായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കൊണ്ട് എൻ.ഐ.എ സംഘം പാലക്കാട് കടന്നത് ശരവേഗത്തിൽ. വാളയാർ മുതൽ വാണിയമ്പാറ വരെ 65 കി.മീ. ദൂരം വെറും 35 മിനുട്ടിലാണ് സംഘം ഓടിയെത്തിയത്.
പ്രതികളെ കൊച്ചിയിലെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കാനായി അന്വേഷണ സംഘം പുലർച്ചെ ബംഗലൂരുവിൽ നിന്ന് റോഡുമാർഗം യാത്ര തിരിച്ചിരുന്നു. ഇതോടെ രാവിലെ ഏഴോടെ വാളയാർ ടോൾ ഗേറ്റിൽ മാദ്ധ്യമ പ്രവർത്തകരുടെ വൻസംഘം നിലയുറപ്പിച്ചു. നാലര മണിക്കൂറിന്റെ കാത്തിരിപ്പിനൊടുവിൽ 11.35ന് എൻ.ഐ.എ.യുടെ രണ്ട് വാഹനങ്ങൾ ടോൾ ഗേറ്റ് കടന്നു. ആദ്യമെത്തിയ സ്കോർപ്പിയോയിൽ സ്വപ്ന സുരേഷും തൊട്ടുപിറകിൽ വന്ന ഇന്നോവയിൽ സന്ദീപ് നായരുമുണ്ടായിരുന്നു. ഇരുവരുടേയും മുഖം കറുത്ത തുണികൊണ്ട് മറച്ചിരുന്നു.
സംസ്ഥാനാതിർത്തി മുതൽ കേരളാ പൊലീസ് ഇവർക്ക് അകമ്പടി നൽകി. ആദ്യം വാളയാർ പൊലീസും പിന്നീട് കസബ പൊലീസും അനുഗമിച്ചു. ശേഷം കുഴൽമന്ദം, ആലത്തൂർ, വടക്കഞ്ചേരി പൊലീസ് ദൗത്യം പിന്തുടർന്നു. കൂടെ ഹൈവേ പൊലീസിന്റെ വാഹനവുമുണ്ടായിരുന്നു. ഇതോടെ 11.35ന് വാളയാർ കടന്ന വാഹനം 12.10ന് തന്നെ തൃശൂർ അതിർത്തിയിലെത്തി.
വാളയാറിൽ പ്രതികളുമായെത്തിയ വാഹനത്തിന് നേരെ കോൺഗ്രസ്- യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. സുരക്ഷയുറപ്പാക്കുന്നതിന് വാഹനം കടന്നുപോകുന്ന പ്രധാന ജംഗ്ഷനുകളിലെല്ലാം കൂടുതൽ പൊലീസിനെ വിന്യസിച്ചു. അന്വേഷണ സംഘത്തിന്റെ വാഹനത്തിന് വേഗത്തിൽ കടന്നുപോകാനായി കുഴൽമന്ദം, ആലത്തൂർ, വടക്കഞ്ചേരി ജംഗ്ഷനുകളിലെ സിഗ്നൽ ഓഫാക്കിയും ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ ഇടതുവശം ചേർന്നുപോകാനുള്ള നിർദ്ദേശം നൽകിയും പൊലീസ് ഗതാഗതം നിയന്ത്രിച്ചു.
വാളയാറിലേത് ഒഴിച്ചാൽ ജില്ലയിൽ മറ്റൊരിടത്തും പ്രതിഷേധമുണ്ടായില്ല. ഇതിനിടയ്ക്ക് പന്നിയങ്കരയ്ക്ക് സമീപം വച്ച് സ്വപ്നയുമായി പോയ സ്കോർപ്പിയോ കാറിന്റെ പിൻചക്രം പഞ്ചറായി. തുടർന്ന് ഇവരെ തൊട്ടുപുറകിൽ വന്ന ഇന്നോവയിലേക്ക് മാറ്രിയാണ് കൊച്ചിയിലെത്തിച്ചത്. പ്രതികളുമായി അന്വേഷണ സംഘം എത്തുന്നതറിഞ്ഞ് ദേശീയപാതയോരത്ത് പലയിടങ്ങളിലും ആൾക്കൂട്ടമുണ്ടായിരുന്നു.