പാലക്കാട്: എസ്.എസ്.എൽ.സി ഫലപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾക്കുള്ള ഒരുക്കം പുരോഗമിക്കവേ മലബാറിലെ വിദ്യാർത്ഥികൾ ആശങ്കയിൽ. ഈ വർഷവും അനേകായിരം വിദ്യാർത്ഥികളുടെ തുടർ പഠനം തുലാസിലാവും.
വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിൽ പ്ലസ് വണിന് ആകെയുള്ളത് 28,206 സീറ്റുകളാണുള്ളത്. കൊവിഡ് പ്രതിസന്ധിക്കിടെ രണ്ടുതവണയായാണ് എസ്.എസ്.എൽ.സി പരീക്ഷ നടന്നത്. പരീക്ഷയെഴുതിയ 38,714 വിദ്യാർത്ഥികളിൽ 38,227 പേരും വിജയിച്ചു. അടുത്ത രണ്ടുദിവസത്തിനിടെ സി.ബി.എസ്.ഇ പത്താംതരം ഫലം പ്രസിദ്ധീകരിക്കും. കൂടാതെ സേ പരീക്ഷ കഴിയുമ്പോൾ പ്ലസ് വണ്ണിന് വേണ്ടിയുള്ള അപേക്ഷകരുടെ എണ്ണം ഇനിയും വർദ്ധിക്കും. ഇതോടെ ജില്ലയിൽ പരീക്ഷ ജയിച്ച എല്ലാവർക്കും സീറ്റ് ലഭിക്കുമോ എന്നാണ് പ്രധാന ആശങ്ക. ഈ പ്രതിസന്ധി പരിഹരിക്കാൻ കൂടുതൽ സ്കൂളുകളിൽ ഹയർ സെക്കൻഡറി അനുവദിക്കുകയോ നിലവിലുള്ള സ്കൂളുകളിൽ കൂടുതൽ കോഴ്സുകൾ അനുവദിക്കുകയോ ചെയ്യണം. കൂടാതെ ആനുപാതികമായി സീറ്റ് വർദ്ധിപ്പിക്കണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം.
ഈ മാസം പത്തിന് ശേഷം പ്ലസ് വൺ പ്രവേശന നടപടി ആരംഭിക്കുമെന്ന് നേരത്തെ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചെങ്കിലും നടന്നില്ല. പ്ലസ് ടു ഫലപ്രഖ്യാപനത്തിന് ശേഷം ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് ലഭിക്കുന്ന സൂചന. അപേക്ഷിക്കാൻ കൂടുതൽ ദിവസവും അനുവദിക്കും. അങ്ങനെയെങ്കിൽ ആദ്യഘട്ടത്തിൽ തന്നെ സി.ബി.എസ്.ഇക്കാർക്കും അപേക്ഷിക്കാം.
കഴിഞ്ഞ വർഷം സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ നിലവിലുള്ള ബാച്ചുകളിൽ 20% വരെ ആനുപാതിക സീറ്റ് വർദ്ധന അനുവദിച്ചിരുന്നു. മലബാറിൽ മലപ്പുറത്തിന് ഇതിന്റെ ഗുണം ലഭിച്ചു. അപ്പോഴും പാലക്കാടിനെ തഴഞ്ഞു. ഇത്തവണ അപേക്ഷകരുടെ എണ്ണം പരിഗണിച്ച് അലോട്ട്‌മെന്റ് ഘട്ടത്തിൽ മാത്രമേ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകൂ എന്നാണ് അറിയുന്നത്.
മദ്ധ്യകേരളത്തിൽ സീറ്റൊഴിവ്
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ എസ്.എസ്.എൽ.സി വിജയിച്ച വിദ്യാർത്ഥികളുടെ എണ്ണത്തേക്കാൾ പ്ലസ് വൺ സീറ്റുകളുണ്ട്. അതേസമയം പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണെങ്കിൽ വിദ്യാർത്ഥികളുടെ എണ്ണമാണ് കൂടുതൽ. കുട്ടികൾ ചേരാതെ ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ മുൻവർഷങ്ങളിൽ ജില്ല മാറ്റി ആവശ്യക്കാർക്ക് നൽകിയിരുന്നു. പ്രവേശന നടപടി പൂർത്തിയാകുന്ന ഘട്ടത്തിൽ ഇത് സംബന്ധിച്ചും തീരുമാനമുണ്ടാകും.
പ്രതിസന്ധി മറികടക്കാനാകില്ല
വി.എച്ച്.എസ്.ഇ, പോളിടെക്നിക് തുടങ്ങി വിദ്യാർത്ഥികൾക്ക് ഉപരിപഠന സാദ്ധ്യത വേറെയും ഉണ്ടെങ്കിലും അതുകൊണ്ട് നിലവിലെ സീറ്റ് പ്രതിസന്ധി മറികടക്കാൻ കഴിയില്ല. ജില്ലയിൽ ടെക്നിക്കൽ സ്കൂളുകളുടെ എണ്ണം പരിമിതമാണ്. പാലക്കാട് ആകെ 25 വി.എച്ച്.എസ്.ഇ സ്കൂളുകളാണുള്ളത്. ഒരു കോഴ്സിന് പരമാവധി സീറ്റ് 25ഉം. 15ഓളം സ്കൂളുകളിൽ മൂന്നുകോഴ്സുകളുണ്ട്. ഇത്തരത്തിൽ 3500ൽ താഴെ സീറ്റുകളേ ഈ മേഖലയിലുണ്ടാവൂ. പിന്നെയും ആയിരങ്ങൾ പടിക്ക് പുറത്ത് നിൽക്കേണ്ടി വരും.
പാലക്കാട് നിലവിലുള്ള പ്ലസ് വൺ സീറ്റ്: 28,206
ഈ വർഷം എസ്.എസ്.എൽ.സി വിജയിച്ചവർ 38,227
സർക്കാർ സ്കൂളുകൾ- 60, എയ്ഡഡ് സ്കൂളുകൾ- 63, അൺ എയ്ഡഡ് സ്കൂളുകൾ- 25, സ്പെഷ്യൽ സ്കൂൾ- ഒന്ന്, റെഡിഡൻഷ്യൽ സ്കൂൾ- രണ്ട്.