പാലക്കാട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഫലവൃക്ഷ തൈകൾ നട്ട് ആദരമർപ്പിക്കുകയാണ് ഒറ്റപ്പാലം നഗരസഭ റവന്യു ഇൻസ്‌പെക്ടർ യു.അയ്യപ്പൻ. പുതിയ സ്റ്റാന്റ് കെട്ടിടത്തിന് സമീപം റോഡരികിൽ 47 ഫലവൃക്ഷ തൈകളാണ് പരിസ്ഥിതി പ്രവർത്തകൻ കൂടിയായ അയ്യപ്പൻ നട്ടുപിടിപ്പിച്ചത്.
ഡോക്ടർമാർ, നഴ്‌സുമാർ, പൊലീസ്, അഗ്‌നിരക്ഷാസേന, തദ്ദേശ സ്ഥാപനങ്ങൾ, റവന്യു, ആശാ വർക്കർമാർ, ആംബുലൻസ് പ്രവർത്തകർ തുടങ്ങിയവർക്കാണ് അയ്യപ്പന്റെ ഈ ആദരം.
വ്യാപാരികളുൾപ്പടെയുള്ളവരിൽ നിന്ന് സ്‌പോൺസർഷിപ്പിലൂടെയും അയ്യപ്പൻ നേരിട്ടും സ്വരൂപിച്ച തുകയിലാണ് തൈകൾ വാങ്ങിയത്. മാവ്, പ്ലാവ്, പുളി, നെല്ലി, സപ്പോട്ട, റംബുട്ടാൻ, ഇലഞ്ഞി എന്നിവയാണ് ഇതിനോടകം നട്ടുപിടിപ്പിച്ചത്.
എട്ടുവർഷം മുമ്പ് മായന്നൂർ പാലത്തിന് സമീപം അയ്യപ്പൻ നട്ടുവളർത്തിയ മുളംകാടുകൾ ഇപ്പോൾ പടർന്നുപന്തലിച്ചു. ഒറ്റപ്പാലത്തുനിന്ന് സ്ഥാനക്കയറ്റത്തോടൊപ്പം സ്ഥലംമാറ്റം കിട്ടിപോവുന്ന അയ്യപ്പന്, തന്റെ ചെടികളെല്ലാം ആരെങ്കിലും സംരക്ഷിക്കുമെന്ന ശുഭ പ്രതീക്ഷയാണുള്ളത്.