വടക്കഞ്ചേരി: ജില്ലയിലെ നെൽ കർഷകരുടെ സ്വപ്നം യാഥാർത്ഥ്യമാക്കി കേരളത്തിലെ ആദ്യത്തെ സൈലോ മോഡേൺ റൈസ് മിൽ പ്രൊജക്ടിന് കണ്ണമ്പ്രയിൽ തുടക്കമാകുന്നു. ജില്ലയിലെ പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങൾ ചേർന്നുകൊണ്ട് രൂപീകരിച്ച പാലക്കാട് പാഡി പ്രൊക്യുർമെന്റ് പ്രൊസസിംഗ് ആന്റ് മാർക്കറ്റിംഗ് സൊസൈറ്റി (പാപ്‌കോസ്) യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സ്ഥാപനത്തിന്റെ ശിലാസ്ഥാപനം വ്യാഴാഴ്ച മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.
സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ ആരംഭിക്കുന്ന റൈസ് മില്ലിനായി കണ്ണമ്പ്ര മാങ്ങോട്ടിൽ 27.66 ഏക്കർ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. സംഘത്തിന്റെ ഓഹരി ഉൾപ്പെടെ 75.04 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അടുത്ത ജൂണിൽ ഉല്പാദനം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കർഷകരിൽ നിന്ന് സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്ക് പാപ്‌കോസ് നേരിട്ട് നെല്ല് സംഭരിക്കും. സംഭരണ വില നെല്ലളന്ന ഉടൻ നൽകും. ആവശ്യമെങ്കിൽ കൊയ്ത്തിന് മുമ്പേ 60% വില പലിശ രഹിതമായി മുൻകൂറായി നല്കും.
രണ്ടുവർഷം വരെ സംഭരിച്ച നെല്ല് കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന 2500 മെട്രിക് ടൺ ശേഷിയുള്ള ആറ് സൈലോകളാണ് റൈസ് മില്ലിൽ ഒരുക്കുന്നത്. ഒരു ദിവസം രണ്ട് ഷിഫ്റ്റുകളിലായി 200 മെട്രിക് ടൺ നെല്ല് സംസ്‌കരിച്ച് അരിയാക്കും. ഇവിടെ ഉല്പാദിപ്പിക്കുന്ന അരി സപ്ലൈകോയ്ക്ക് നല്കുന്നതിന് പുറമെ ജില്ലയിലെ സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന അരിക്കടകൾ വഴി ചുരുങ്ങിയ വിലയ്ക്ക് പൊതുജനങ്ങൾക്ക് ലഭ്യമാക്കും. ഇത്തരത്തിൽ നൂറ്റമ്പതോളം അരിക്കടകളാണ് ആദ്യഘട്ടത്തിൽ തുറക്കുക. കൂടാതെ രണ്ടാംഘട്ടം എന്ന നിലയിൽ അരിയുടെ ഉപോല്പന്നങ്ങളും നിർമ്മിക്കുമെന്ന് പാപ്‌കോസ് പ്രസിഡന്റ് എം.നാരായണനുണ്ണി, വൈസ് പ്രസിഡന്റ് എ.ചൈതന്യ കൃഷ്ണൻ, ഓണററി സെക്രട്ടറി ആർ.സുരേന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.