ksu
.

പാലക്കാട്: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു ജില്ലാ കമ്മിറ്റി കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ബാരിക്കേടുകൾ മറികടന്ന് പ്രവർത്തകർ കലക്ടറേറ്റ് വളപ്പിലേക്ക് ചാടിക്കയറി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ റോഡിൽ സംഘടിച്ച പ്രവർത്തരെ ലാത്തിവീശിയോടിച്ചു. സമരത്തിനിടെ കലക്ടറേറ്റ് വളപ്പിലെ മതിലിലേക്ക് കയറാൻ ശ്രമിച്ച പ്രവർത്തകർ പിടിച്ച സമീപത്തെ ഇരുമ്പ് കൊടിമരം വൈദ്യുതി ലൈനിലേക്ക് ചെരിഞ്ഞ് വൈദ്യുതി കമ്പി പൊട്ടി വീണു. സമരക്കാർക്കും പൊലീസുകാർക്കും ഇടയിലേക്കാണ് കമ്പി പൊട്ടിവീണത്. തലനാരിഴയ്ക്കാണ് വൻദുരന്തം ഒഴിവായത്. ഇരുമ്പുകൊടി മരം വൈദ്യുതി കമ്പിയിൽ തട്ടുമ്പോൾ പ്രവർത്തകൻ പിടിവിട്ടതിനാലാണ് ഷോക്കേൽക്കാതെ രക്ഷപ്പെട്ടത്.

പ്രകടനമായെത്തിയ പ്രവർത്തകർ ആദ്യം പൊലീസ് ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കിയ ശേഷം മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. പ്രസംഗത്തിന് ശേഷം പ്രവർത്തകർ വീണ്ടും ബാരിക്കേഡിന് സമീപമെത്തി അക്രമാസക്തരായി. തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടായി. ഇതിനിടയിലാണ് മതിൽചാടി കടക്കാനുള്ള ശ്രമം നടന്നത്.
കലക്ടറേറ്റ് കവാടത്തിനു കുറുകെ കമ്പി പൊട്ടിവീണതോടെ പ്രവർത്തകർ കലക്ടറേറ്റിന് മുന്നിലെ റോഡിൽ കുത്തിയിരുന്നു. വൈദ്യുതി ലൈൻ ഓഫാക്കിയ വിവരമറിഞ്ഞതോടെ വീണ്ടും ഗേറ്റിന് മുന്നിലേക്കെത്തി ജില്ലാ പ്രസിഡന്റ് ജയഘോഷിന്റെ നേതൃത്വത്തിൽ ചിലർ മതിൽ ചാടിക്കടന്നു.

ഇവരെ പിടിക്കുന്നതിനിടെ റോഡിൽ കൂടിയ പ്രവർത്തകരെ പൊലീസ് ലാത്തിവീശി ഓടിച്ചു. കലക്ടറേറ്റിന് മുന്നിൽ നിന്നും പോയ പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി. ജില്ലാ ആശുപത്രിക്ക് മുന്നിൽ സ്ഥാപിച്ചിരുന്ന ഡിവൈഡറുകൾ റോഡിലേക്ക് മറിച്ചിട്ടു.

ഡിവൈ.എസ്.പി ആർ.മനോജ്കുമാർ, ഇൻസ്പെക്ടർമാരായ അബ്ദുൾ മുനീർ, സുജിത്ത്കുമാർ, കെ.സി.വിനു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സമരക്കാരെ നേരിട്ടത്.