krishnan
പൊറാട്ടുനാടക കലാകാരൻ ആണ്ടിക്കൊളുമ്പ് കൃഷ്ണൻ ചിരട്ടകൊണ്ടുള്ള കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിൽ

ലോക്ക് ഡൗൺ പ്രതിസന്ധിയിൽ നിന്ന് ഇനിയും മോചനമായില്ല

കൊല്ലങ്കോട്: ദാസി, ചക്കിലിച്ചി, മണ്ണാത്തി, മാപ്പിളമാതൂച്ചി... 33 വർഷമായി പൊറാട്ടുനാടക കലാരംഗത്ത് നിത്യസാന്നിദ്ധ്യമായ ആണ്ടിക്കൊളുമ്പ് കൃഷ്ണന്റെ വ്യത്യസ്ത സ്ത്രീ വേഷപ്പകർച്ച സദസ് ഇരുകൈയും നീട്ടി സ്വീകരിച്ചു. നാടകത്തിൽ ചോദ്യക്കാരനായും നിറയുന്ന ആദ്യാവസാന വേഷങ്ങളെല്ലാം കൃഷ്ണന്റെ കൈയിൽ ഭദ്രം.

ഇന്ന് കഥമാറി. കൊവിഡ് മഹാമാരിക്ക് മുന്നിൽ ലോകം വിറങ്ങലിച്ചപ്പോൾ പാരമ്പര്യമായി ഇത്തരം കലാരംഗത്തുള്ളവരും പ്രതിസന്ധിയിൽ നിന്ന് മുക്തരല്ലെന്ന് കൃഷ്ണൻ കഴിച്ചുകൂട്ടിയ കഴിഞ്ഞ നാലുമാസം തെളിയിക്കുന്നു. ജില്ലയിലെ വിവിധ ഉത്സവാഘോഷങ്ങളിൽ നിത്യസാന്നിദ്ധ്യമാണ് പൊറാട്ടുനാടകം. ഫെബ്രുവരി മുതൽ മേയ് വരെ നീളുന്ന നാലുമാസത്തെ സീസണാണ് ഒരു കൊല്ലത്തെ പ്രധാന വരുമാനം. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഉത്സവമെല്ലാം ചടങ്ങായപ്പോൾ കൃഷ്ണനടക്കം നൂറുകണക്കിന് കലാകാരന്മാർ ജീവിതം വഴിമുട്ടി പകച്ചുനിന്നു.

ഇതിനിടെ ആദ്യം നേരംപോക്കായും പിന്നീട് വരുമാന മാർഗമായും കൃഷ്ണൻ കണ്ടുപിടിച്ച ചിരട്ടകൊണ്ടുള്ള കരകൗശല വസ്തുക്കളുടെ നിർമ്മാണം ക്ളിക്കായി. മനോഹരമായി കൊത്തിയുണ്ടാക്കുന്ന സൈക്കിളും കാളവണ്ടിയും ചായക്കോപ്പകളും കിണ്ടിയും തെങ്ങും തുടങ്ങി നൂറുകണക്കിന് ശില്പങ്ങളിൽ കലാകാരന്റെ കൈമുദ്ര പതിഞ്ഞു. ഏറെ ശ്രമങ്ങൾക്കൊടുവിൽ ഈടുറ്റതും മിഴിവാർന്നതുമായ ശില്പങ്ങളൊരുങ്ങിയതോടെ ആവശ്യക്കാർ തേടിയെത്തി. ആക്സോബ്ലെയ്ഡും ഉരപ്പേപ്പറും പശുമുപയോഗിച്ച് യന്ത്രസഹായമില്ലാതെയാണ് നിർമ്മിതി. ലോക്ക് ഡൗണിൽ ആദ്യം കുറച്ച് പ്രയാസം നേരിടേണ്ടി വന്നെങ്കിലും പതിയെ ജീവിതം തിരിച്ചുപിടിക്കുകയാണ് കൃഷ്ണൻ.

അരങ്ങറിഞ്ഞ കലാകാരൻ
മണ്ണൂർ ചന്ദ്രനാണ് കൃഷ്ണനെ പൊറാട്ടുനാടക വേദിയിലേക്ക് കൈപിടിച്ചുയർത്തിയത്. പിന്നീട് പരേതനായ നല്ലേപ്പിള്ളി നാരായണന്റെ ട്രൂപ്പിൽ സ്ത്രീ വേഷം കെട്ടി നിറസാന്നിദ്ധ്യമായി. രണ്ടുപതിറ്റാണ്ടായി ട്രൂപ്പിന്റെ തലവനാണ്. സംസ്ഥാനത്തെ വിവിധ വേദികളിൽ പരിപാടി അവതരിപ്പിക്കുകയും നിരവധി പുരസ്കാരങ്ങളും ആദരവും ലഭിക്കുകയും ചെയ്തു.

കല മാത്രമാണ് ജീവമാർഗം. കലയിലൂടെ തന്നെ പുതിയ വരുമാന മാർഗം തേടണമെന്ന ആശയത്തിലാണ് ഈ മേഖലയിലേക്കിറങ്ങിയത്. മറ്റ് കായികമായ ജോലികൾക്ക് പ്രായവും ആരോഗ്യവും അനുവദിക്കില്ല. ഇടുപ്പിനും കാൽമുട്ടിനും തേയ്മാനം സംഭവിച്ച് കിടപ്പിലായ ഭാര്യയുടെ ചികിത്സയ്ക്കും പേരക്കുട്ടിയെ സംരക്ഷിക്കാനും ഏറെ ബുദ്ധിമുട്ടുന്നു.

-കൃഷ്ണൻ