പാലക്കാട്: സമൂഹവ്യാപനം ഉണ്ടോയെന്ന് പരിശോധിക്കാൻ ഇന്നുമുതൽ മൂന്ന് ദിവസങ്ങളിലായി വലിയങ്ങാടി ഉൾപ്പെടെയുള്ള ചന്തകളിലും ജില്ലയിലെ നഗരസഭാ പരിധികളിലും ആന്റിജൻ ടെസ്റ്റ് നടത്തുമെന്ന് ഡി.എം.ഒ ഡോ.കെ.പി.റീത്ത അറിയിച്ചു. ലോറി- ട്രക്ക് ഡ്രൈവർമാർ, സെക്യൂരിറ്റി ജീവനക്കാർ, കച്ചവടക്കാർ ഉൾപ്പെടെയുള്ളവരിൽ റാൻഡം പരിശോധന നടത്തും. മേലാമുറിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലാണ് വലിയങ്ങാടിയിലെ പരിശോധന.
നഗരസഭകളിലെ തിരക്കുള്ള പ്രദേശങ്ങളിലും വാണിയംകുളം, കുഴൽമന്ദം ചന്തകളിലും പരിശോധനയുണ്ടാകും. ആന്റിജൻ ടെസ്റ്റിനുള്ള കിറ്റുകൾ ജില്ലയ്ക്ക് ലഭ്യമായ സാഹചര്യത്തിലാണ് പരിശോധന നടത്താൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം പെരുമാട്ടി, എലപ്പുള്ളി കേന്ദ്രീകരിച്ചും ലേബർ ക്യാമ്പുകളിലും അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ആന്റിജൻ ടെസ്റ്റ് നടത്തി. പരിശോധന നടത്തിയ 50 പേരുടെയും ഫലം നെഗറ്റീവാണ്.
എ.ആർ.പി ക്യാമ്പിലും ടെസ്റ്റ്
മുട്ടിക്കുളങ്ങര എ.ആർ.പി ട്രെയിനിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായി ആന്റിജൻ ടെസ്റ്റ് നടത്തി. 258ഓളം പേർ ട്രെയിനിംഗിൽ പങ്കെടുക്കുന്നുണ്ട്. കൊവിഡിന്റെ സാഹചര്യത്തിൽ നിറുത്തിവച്ച പരിശീലനമാണ് പുനഃരാരംഭിക്കുന്നത്.
പുതിയ ചികിത്സാ കേന്ദ്രങ്ങൾ
രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ പെരിങ്ങോട്ടുകുറിശി മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഹോസ്റ്റൽ കൊവിഡ് പരിശോധനാ കേന്ദ്രമാക്കി.
300 കിടക്കകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കൂടുതൽ രോഗബാധിതർ വരികയാണെങ്കിൽ അടുത്ത ദിവസം മുതൽ ഇവിടെ രോഗികളെ പ്രവേശിപ്പിക്കും.
കഞ്ചിക്കോട് കിൻഫ്രയിൽ നിർമ്മിതിയുടെ നേതൃത്വത്തിൽ സജ്ജീകരണം തുടങ്ങി. ആഗസ്റ്റ് ആദ്യത്തോടെ പ്രവർത്തനം പൂർത്തിയാകും.
എന്താണ് ആന്റിജൻ ടെസ്റ്റ്
മൂക്കിൽ നിന്ന് സ്രവം ശേഖരിച്ചുള്ള ലളിതമായ പരിശോധന.
30 മിനിറ്റിനകം ഫലം ലഭിക്കും.
99.3 മുതൽ 100% വരെ കൃത്യത.
പ്രാഥമിക ശ്വസന വ്യവസ്ഥയെ ബാധിക്കുന്നതിനാൽ മൂക്കിന്റെ പിൻഭാഗത്തും തൊണ്ടയിലുമാണ് വൈറസിന്റെ സാന്നിദ്ധ്യം കൂടുതൽ കാണുകയെന്നതിനാലാണ് ആ ഭാഗങ്ങളിൽ നിന്ന് സ്രവമെടുക്കുന്നത്.